കാസർകോട്:കൊവിഡ് ബാധിത പ്രദേശത്ത് പ്രവർത്തിക്കുന്ന കാസർകോട് ഭെൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തുറന്നു പ്രവർത്തനം ആരംഭിക്കാനുള്ള നീക്കം വിവാദത്തിലായി. അടച്ചിട്ട കമ്പനി തുറക്കുന്നതിനായി തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു എച്ച്.ആർ.ഹെഡ് വി.എസ് സന്തോഷ്, ഭെല്ലിലെ ഓഫീസർമാർക്ക് മെയിൽ അയച്ചിരുന്നു. ഞായറാഴ്ച രാത്രി 11.12 നാണ് രാവിലെ എത്താനുള്ള സന്ദേശം അയച്ചത്. തിങ്കളാഴ്ച രാവിലെ ഉറക്കം അറിഞ്ഞപ്പോൾ ആണ് ഓഫീസർമാരിൽ പലരും മെയിൽ കാണുന്നത്. സാനിറ്റേഷൻ നടത്താനുള്ള സാധനങ്ങളുമായി ഒമ്പത് മണിക്ക് ഹാജരാജകണമെന്നും നാല് മണിക്കൂർ കമ്പനി പ്രവർത്തിക്കണമെന്നും ആണ് ഉത്തരവിൽ പറയുന്നത്. എം.ഡിയുടെ നിർദേശം അനുസരിച്ചാണ് കമ്പനി തുറക്കുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് മൂന്ന് ദിവസം അവധി കൊടുത്ത ശേഷം പൂട്ടിയിട്ടതാണ് കാസർകോട് ഭെൽ. രണ്ട് മാസമായി പൂട്ടികിടക്കുന്നത്. കമ്പനി സ്ഥിതി ചെയ്യുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ ഇവിടത്തെ ജീവനക്കാരും ഭീതിയിൽ ആയിരുന്നു. ജീവനക്കാർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ആണ് കമ്പനി പൂട്ടിയിട്ടത്. അങ്ങിനെയുള്ള കമ്പനി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ തുറക്കുന്നതിൽ ഓഫീസർമാർ പ്രതിഷേധവും അമർഷവും പ്രകടിപ്പിക്കുന്നു. ഇഴജന്തുക്കൾ കൂടുകൂട്ടുകയും വൃത്തിഹീനമായി കിടക്കുന്ന കമ്പനി അണുമുക്തമാക്കുക പോലും ചെയ്യാതെയാണ് തുറക്കുന്നത്. അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചുവെന്നാണ് ഇക്കാര്യം ഉന്നയിച്ച ഓഫീസർമാരോട് മറുപടി പറഞ്ഞത്. പൂട്ടിയിട്ട സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു ദേശീയ ദുരന്ത നിവാരണ സമിതി മെമ്പർ സെക്രട്ടറി വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരള സർക്കാരും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതൊന്നും ഭെല്ലിൽ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഭെല്ലിലെ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഓഫീസർമാർ ആരോപിക്കുന്നത്.