
കണ്ണൂർ: കൊവിഡ് 19 ബാധയിൽ നിന്നും അയൽ ജില്ലയായ കാസർകോട് മോചിതമായതോടെ കണ്ണൂരും പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് രോഗികളായി 20 പേരുള്ളതിൽ മൂന്നു പേരാണ് കണ്ണൂർ സ്വദേശികൾ. ഇവരുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലാത്തതിനാൽ അതിവേഗത്തിൽ രോഗവിമുക്തരാകും എന്നാണ് പ്രതീക്ഷ. അതേസമയം ജില്ലയിൽ 450 പേർ ഇനിയും നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധ സംശയിച്ച് 41 പേർ ആശുപത്രിയിലും 409 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ നാലു പേരും ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നാലു പേരുമാണ് കഴിയുന്നത്. ഇതുവരെ 4407 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4270 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 4028 എണ്ണം നെഗറ്റീവാണ്. 137 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇതൊക്കെ നെഗറ്റീവായാൽ ജില്ലയിലെ ജനങ്ങൾക്ക് ഇപ്പോൾ അനുഭവിക്കുന്ന പ്രയാസത്തിൽ നിന്നും മോചനമാകും.