pic

നീലേശ്വരം: സർക്കാറിന്റെയും ഫിഷറീസ് വകുപ്പിന്റെയും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ അടുപ്പിച്ച് മീൻ ഇറക്കുന്നു. അനുമതിയില്ലാതെ ലേലം വിളിയും സജീവമായി ഇവിടെ നടക്കുകയാണ്. മുപ്പതോളം മീൻപിടുത്ത ബോട്ടുകളാണ് തിങ്കളാഴ്ച രാവിലെ തൈക്കടപ്പുറത്തെ മത്സ്യബന്ധന കേന്ദ്രത്തിൽ മീൻ ഇറക്കിയത്. നിയമവിരുദ്ധമായി ലേലം വിളി ആരംഭിച്ചതോടെയാണ് ബോട്ടുകൾ മടക്കര ഹാർബറിൽ മീൻ ഇറക്കാതെ തൈക്കടപ്പുറത്തേക്ക് പോയത്. മടക്കരയിൽ ഫിഷറീസ് വകുപ്പ് കൈക്കൊണ്ട തീരുമാനം അട്ടിമറിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ നടത്തുന്നത് എന്നാണ് ആരോപണം. ലേലംവിളി പതിവായി നടത്തുന്ന ചില ഇടനിലക്കാരാണ് ഈ അട്ടിമറിക്ക് പിന്നിൽ ചരട് വിളിക്കുന്നത്. ലേലം വിളി പുനരാരംഭിച്ചാൽ മീനിലെ കൂടുതൽ വില കിട്ടും എന്നതു കൊണ്ടാണ് ബോട്ടുകൾ തൈക്കടപ്പുറത്ത് അടുപ്പിക്കുന്നത്. മടക്കരയിലെ ബോട്ടുകളിൽ ചിലതും മീൻ ഇറക്കാൻ തൈക്കടപ്പുറത്തേക്ക് പോവുകയാണ്. മടക്കരയിൽ സർക്കാർ നിശ്ചയിച്ച വിലയാണ് മീനിന് നൽകുന്നത്. കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെ മീൻ വില്പന നടത്തുന്നത്.

അതേസമയം മീൻ പിടിക്കാൻ കടലിൽ പോകുന്നതിന് നൽകിയ ടോക്കൺ പ്രകാരം പുലർച്ചെ നാല് മണിക്ക് മാത്രമേ പോകാൻ പാടുള്ളൂ. എന്നാൽ തൈക്കടപ്പുറത്തെ ബോട്ടുകൾ രാത്രി 10 മണിക്ക് തന്നെ കടലിൽ പോകുന്നുണ്ട്. കാസർകോട്, ചെർക്കള തുടങ്ങിയ സ്ഥലത്ത് നിന്നും ആളുകൾ മടക്കരക്ക് പകരം തൈക്കടപ്പുറത്ത് എത്തിയാണ് മീൻ കൊണ്ടുപോകുന്നത്. പരിശോധനകൾ ഒന്നും ഇല്ലാത്തതിനാൽ ആളുകൾ ധാരാളം രാവിലെ മുതൽ തൈക്കടപ്പുറത്ത് തടിച്ചു കൂടിയിരുന്നു. പൊലീസിന്റെ നിയന്ത്രണങ്ങൾ ഒന്നും വകവെക്കാതെയാണ് ആളുകൾ എത്തുന്നത്. മടക്കരയിൽ സ്ഥിതിഗതികൾ ശാന്തമാണ്. പരമ്പരാഗത വള്ളങ്ങളിൽ കൊണ്ടുവന്ന മീൻ രാവിലെ മുതൽ മൽസ്യത്തൊഴിലാളികൾക്ക് വില്പന നടത്തി തുടങ്ങിയിരുന്നു.