കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് ജനങ്ങളാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ പെരുവഴിയിലാക്കുന്നു. രാജ്യത്തെ ഒരു പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻഷ്യയാണ് കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് ഇനി ജോലിയ്ക്ക് വരണമെന്നില്ലെന്നും രാജിക്കത്ത് നൽകണമെന്നും ആവശ്യപ്പെടുന്നത്. കൊവിഡ് 19 പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞതോടെയാണ് രണ്ട് മാസത്തെ ശമ്പളം നൽകി രാജി വെക്കാൻ നിർബന്ധിക്കുന്നത്. വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരോട് പകുതി ശമ്പളത്തിൽ നിൽക്കാൻ തയ്യാറുണ്ടോയെന്നും കമ്പനി ചോദിക്കുന്നു. ചിലർക്കാകട്ടെ അത്തരം ഔദാര്യവും നൽകുന്നില്ല. കൊവിഡ് 19 കാലത്ത് സമ്പദ് വ്യവസ്ഥ മൊത്തത്തിൽ തകർത്തതിനാൽ ഇനി മറ്റൊരു കമ്പനിയിൽ ആറു മാസത്തേക്ക് പോലും നിയമനവും ലഭിക്കാത്ത പശ്ചാത്തലത്തിൽ ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പെർഫോമൻസ് പോരെന്ന് പറഞ്ഞ് ചിലരെ ഒഴിവാക്കുമ്പോൾ ഓഫീസ് ജോലി ചെയ്യുന്നവരെയും ഒരു കാരണവും പറയാതെ ഒഴിവാക്കുന്നു. രേഖാമൂലം ജോലിയിൽ നിന്ന് നീക്കിയെന്ന് പറയാതെ നേരിട്ട് ഫോൺ ചെയ്ത് നാളെ മുതൽ വരരുതെന്നാണ് നിർദ്ദേശം. പിരിച്ചു വിടൽ എന്ന രീതിയിൽ ചെയ്താൽ ഭാവിയിൽ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടി വരുമ്പോൾ പ്രയാസമാകും. കളക്ഷൻ ശേഖരിക്കുന്നവരെ കസ്റ്റമേഴ്സിനെ കാണാൻ ലോക്ക്ഡൗൺ കാലത്തും നിർബന്ധിക്കുന്നുണ്ട്. സെയിൽസ്, ക്രഡിറ്റ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കുന്നുണ്ട്. സംസ്ഥാനത്തെ അൻപതോളം ബ്രാഞ്ചുകളിൽ പതിനഞ്ച് ശതമാനം ജീവനക്കാരെയെങ്കിലും ഒഴിവാക്കാനാണ് നീക്കമെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയടക്കം പറയുമ്പോഴാണ് ഈ അനീതി.
ഇരുപത് വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ച് അൻപത് വയസിനടുത്ത് പ്രായമായവരെയൊക്കെ ഇങ്ങനെ പിരിച്ച് വിട്ടാൽ ജീവിത മാർഗ്ഗം വഴിമുട്ടുമെന്നാണ് ആശങ്ക. നല്ല കമ്പനിയിൽ നിന്നും ഉയർന്ന തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊണ്ടു വന്നവരെയടക്കം ഇത്തരത്തിൽ ഒഴിവാക്കാനാണ് നീക്കം. ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ രണ്ട് മാസങ്ങളുടെ വേതനം കൊടുത്ത് ഒഴിവാക്കുമെന്ന് ഒപ്പിടീച്ച് വാങ്ങുന്ന പതിവുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൂടുതൽ കമ്പനികൾ പിരിച്ച് വിടൽ തുടരുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക. ഗൾഫ് മേഖലയിലെ തൊഴിൽ നഷ്ടമാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത്.