മലപ്പുറം: ജില്ലയിൽ ഇന്നലെ 300 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കളക്ടർ ജാഫർ മലിക്കാണ് ഇക്കാര്യം അറിയിച്ചത്. 1,481 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 36 പേർ വിവിധ ആശുപത്രികളിലും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ 33, നിലമ്ബൂർ, തിരൂർ ജില്ലാ ആശുപത്രികളിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാൾ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,054 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 391 പേർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അങ്ങാടിപ്പുറം സ്വദേശിയുടെ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 23 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. കുട്ടി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ജില്ലയിൽ ഇതുവരെ 2,469 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 53 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുണ്ട്.