കണ്ണൂർ: കൊവിഡ് 19 വ്യാപന കാലത്ത് കർമ്മ നിരതരായതിന് ആദരിക്കപ്പെടുന്ന ഒരുപാട് ജോലിക്കാരുണ്ട്. നഴ്സ്, ഡോക്ടർ, പൊലീസ്, ആംബുലൻസ് ജീവനക്കാർ എന്നിങ്ങനെ പോകും ആ നിര. പ്രത്യക്ഷത്തിൽ കാണുന്നവരെ മാത്രം ആദരിക്കുമ്പോൾ ജീവൻ പണയം വച്ച് ത്യാഗം ചെയ്യുന്ന മറ്റൊരു വിഭാഗത്തെ ആരും കാണുന്നേയില്ല. ആശുപത്രികളിലെ ഗ്രേഡ് 2 യിൽ ഉൾപ്പെടുന്ന ക്ലീനിംഗ് തൊഴിലാളികളാണവർ.
ആറ് മണിക്കൂറോളം പി.പി.ഇ കിറ്റുകൾ ധരിച്ച് ജോലി ചെയ്ത് കഴിയുമ്പോഴേക്കും ഇവർ അനുഭവിക്കുന്ന അവശത വിവരിക്കാൻ സാധിക്കാത്ത വിധമാണ്. കൊടും ചൂടുകാലമായതിനാൽ ഡ്യൂട്ടി കഴിഞ്ഞ് രണ്ട് തവണ കുളിച്ചാലേ ക്ഷീണം കുറയൂ. എൻ 95 മാസ്ക് ഇടുന്നതിനാൽ ശ്വാസം കഴിക്കാൻ പോലും പ്രയാസമാണ്. നീരാവി വന്ന് കണ്ണും മങ്ങി കാഴ്ച പോലും ദുസഹമായിരിക്കും. ദിവസങ്ങളോളം ജോലി തുടരുമ്പോഴേക്കും ഇവർക്ക് ശാരീരിക പ്രശ്നവും രൂക്ഷമാകും. ഒരു രോഗി ഡിസ്ചാർജ്ജ് ആകുമ്പോൾ ഫാൻ മുതൽ ചുമരുവരെ ക്ലീനാക്കേണ്ടി വരും. ദിവസം മൂന്ന് ഷിഫ്റ്റായാണ് ജോലി. ഇതിനിടെ മാലിന്യം തരം തിരിക്കണം. ഇവ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കവറിലിടണം. കൊവിഡ് മാലിന്യം പാലക്കാടേക്ക് അയക്കണം. ഇടക്കിടെ രോഗികൾ ഉപയോഗിച്ച ടാപ്പ്, വാതിൽ എന്നിവ വൃത്തിയാക്കണം. വൈറസ് വ്യാപനം കൂടുതലുള്ള തറ തുടക്കുന്നതാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത്.
ഒരു മുറി വൃത്തിയാക്കാൻ മുക്കാൽ മണിക്കൂർ വേണം. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നേരത്തെ 18 മുറി വൃത്തിയാക്കാൻ ഒരാളായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഇപ്പോൾ രണ്ടുപേരായി. രോഗികൾക്കുള്ള ഭക്ഷണം എത്തിക്കൽ, രക്തം കൊണ്ടുപോകൽ അടക്കം ചെയ്യുന്നതൊക്കെ ഇവരാണ്. രണ്ടുപേരായതോടെ ജോലിഭാരം അൽപ്പം കുറഞ്ഞിട്ടുണ്ട്. രോഗികളുമായി മുഴുവൻ സമയം ബന്ധപ്പെടേണ്ടി വരുന്ന വിഭാഗമാണ് ക്ലീനിംഗ് തൊഴിലാളികൾ. ഇവർക്ക് മാത്രമായുള്ള സംഘടന സജീവമല്ലാത്തതിനാൽ ആരും പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനുമില്ല. താത്കാലിക ജീവനക്കാരാണ് ഈ വിഭാഗത്തിൽ കൂടുതൽ.