കൂത്തുപറമ്പ്:റെഡ് സോണായി നില നിൽക്കുന്ന കൂത്തുപറമ്പ് നഗരസഭയിലെ നരവൂർ ,കുനിയിൽപ്പാലം മേഖലകളിൽ അനധികൃതമായി പഴവർഗ്ഗങ്ങളും, പച്ചക്കറികളും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. നരവൂർ സ്വദേശികളായ ജാബീർ, ഹാരീസ് എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. രണ്ട് കിൻ്റലോളം ഫ്രൂട്ട്സും, പച്ചക്കറികളും നഗരസഭാ ഹെൽത്ത് വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.

രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പൊലീസും, നഗരസഭാ ഹെൽത്ത് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃത ഫ്രൂട്ട്സ് വിൽപ്പനക്കെതിരെ നടപടി സ്വീകരിച്ചത്. കുനിയിൽപ്പാലം അംഗൻവാടിക്ക് സമീപത്തെ നടുക്കണ്ടി വീട് കേന്ദ്രീകരിച്ചായിരുന്നു അനധികൃത വിൽപ്പന. ഒന്നര മാസത്തോളമായി റെഡ് സോണായി തുടരുന്ന ഈ ഭാഗത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കും, വളണ്ടിയർമാർക്കും മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളു. അധികൃതരുടെ വിലക്ക് ലംഘിച്ച് ശേഖരിച്ച ഫ്രൂട്ട്സുകളും, പച്ചക്കറികളും വീടുകളിലെത്തിച്ച് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്നുവെന്ന് കൂത്തുപറമ്പ് എസ്.ഐ. പി.ബിജു പറഞ്ഞു.

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 2 കിന്റലോളം തണ്ണിമത്തൻ, പൈനാപ്പിൾ, മുന്തിരി ,ബട്ടർഫ്രൂട്ട്സ്, ഷമാം, നേന്ത്രപ്പഴം എന്നിവ നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ഉള്ളി, തക്കാളി, കാരറ്റ്, പച്ചമുളക്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള 70 കിലോയോളം പച്ചക്കറികളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പഴവർഗ്ഗങ്ങളും, പച്ചക്കറികളും പാലാ പറമ്പിലുള്ള നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിച്ച് നശിപ്പിച്ചുവെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ബാബു പറഞ്ഞു. കൂത്തുപറമ്പ് എസ്.ഐ.പി.ബിജു , അഡീഷണൽ എസ്.ഐ.പുരുഷോത്തമൻ ,എ.എസ്.ഐ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു പനക്കാടൻ, കെ.പി.പ്രദീപൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.