കാഞ്ഞങ്ങാട്: ജീവനു ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകൾക്കു മേൽ ഉപ്പ് ലായനി പ്രയോഗിച്ച് നാട്ടുകാർ. അജാനൂർ പഞ്ചായത്തിലെ സെൻട്രൽ ചിത്താരി മല്ലമ്പലത്താണ് വീട്ടുപറമ്പുകളിൽ വ്യാപകമായി ആഫ്രിക്കൻ ഒച്ചുകളെ കണ്ടു തുടങ്ങിയത്.

കൊവിഡ് 19 മൂലം ഭയപ്പാടിൽ കഴിയുന്ന കുടുംബങ്ങൾ ആഫ്രിക്കൻ ഒച്ചുകളെ കണ്ടതോടെ കൂടുതൽ ആശങ്കയിലാവുകയായിരുന്നു. ഉപ്പ് ലായനി ഫലപ്രദമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൊവിഡ് കാലമായതിനാൽ വീടുവീടാന്തരം ചെന്ന് ഇതിനെതിരെ ബോധവൽക്കരണം ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബഷീർ വെള്ളിക്കോത്ത് പറഞ്ഞിരുന്നു.

സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയതായും ബഷീർ വ്യക്തമാക്കുകയുണ്ടായി. വീട്ടുകാർ തന്നെ മുൻകൈയെടുത്താണ് ഉപ്പു ലായനി തെളിക്കുന്നത്. ഇവയുടെ ആക്രമണം കുറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാരനായ ബോംബെ അഷ്റഫ് പറഞ്ഞു.