കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് പ്രവാസികളുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് പറന്നിറങ്ങും. ദുബായിൽ നിന്നുള്ള 180ഓളം യാത്രികരുമായി എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനം വൈകിട്ട് 7.10നാണ് എത്തുക. വിമാനം രാവിലെ 10.30ന് കണ്ണൂരിൽ നിന്ന് യാത്ര തിരിക്കും.

ഗർഭിണികൾ, അവരുടെ പങ്കാളികൾ, 14 വയസിനു താഴെയുള്ള കുട്ടികൾ, 75നു മുകളിൽ പ്രായമുള്ളവർ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരിൽ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ, ബാഗേജ് നീക്കം എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുക.

തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധന നടത്തും. പരിശോധനയിൽ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിൽ യാത്രയാക്കും. ഓരോ ജില്ലകളിലേക്കുമുള്ളവർക്കായി പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകൾ ഓടും.
അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ വിമാനത്താവളത്തിൽ നടത്തിയ ട്രയൽ റണ്ണിന് സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ജില്ലാ നോഡൽ ഓഫീസർ ഡോ. അഭിലാഷ്, കിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി ജോസ്, കിയാൽ ചീഫ് ഓപ്പറേഷൻ ഓഫീസർ താരിഖ് ഹുസൈൻ ഭട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവർ

കണ്ണൂർ 109

കാസർകോട് 47

കോഴിക്കോട് 12

മലപ്പുറം 7

മാഹി 3

വയനാട് 1

തൃശൂർ 1

കൊവിഡ് കെയർ സെന്ററുകൾ
പ്രവാസി മലയാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി കണ്ണൂർ നഗരത്തിലെ അൾട്ടിമേറ്റ് റസിഡൻസി, ബ്ലൂനൈൽ റസിഡൻസി, ഹോട്ടൽ സ്റ്റാർ ഇൻ, ഒമാർസ് ഇൻ, ഹോട്ടൽ ബ്രോഡ് ബീൻ, കെ.കെ ടൂറിസ്റ്റ് ഹോം, തലശ്ശേരിയിലെ ബ്രദേർസ് ടൂറിസ്റ്റ് ഹോം, ഇംപാല റസിഡൻസി, സംഗമം ഹോട്ടൽ, പ്രസിഡൻസി ടൂറിസ്റ്റ് ഹോം എന്നീ ഹോട്ടലുകളും കണ്ണൂർ സ്‌പോർട്‌സ് ഹോസ്റ്റലുമാണ് കൊവിഡ് കെയർ സെന്ററുകളായി ഏറ്റെടുത്തത്. നേരത്തെ എത്തിയ വിമാന യാത്രികരായ 39 പേരും കപ്പലിലെത്തിയ 41 പേരും ഉൾപ്പെടെ ആകെ 80 പേരെ ഈ ഹോട്ടലുകളിൽ താമസിപ്പിച്ചിട്ടുണ്ട്.

''വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുമായി സഹകരിച്ച് എയർപോർട്ടിൽ ഒരുക്കിയിരിക്കിയത്

- കിയാൽ എം.ഡി വി. തുളസീദാസ്