കൂത്തുപറമ്പ്: കണ്ണവം റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കുകൾ പിടികൂടി. കണ്ണവം റിസർവ് വനത്തിനകത്ത് കടവ് വനഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിറത്തോക്കുകൾ കണ്ടെത്തിയത്. കാട്ടിനകത്ത് പ്ലാസ്റ്റിക് ബാരലിലാണ് തോക്കുകൾ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏതാനും ആഴ്ചകൾക്ക് മുൻപും ഇവിടെ നാടൻ തോക്ക് പിടികൂടിയിരുന്നു. തോക്ക് പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത തോക്കുകൾ ചൊവ്വാഴ്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.