കാസർകോട് : കാസർകോട് ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന നാലുപേർക്ക് ഇന്നലെ കൊവിഡ്19 സ്ഥിരീകരിച്ചു. ഞായറാഴ്ച അവസാന രോഗിയും ആശുപത്രി വിട്ട് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിന് പിറകെയാണ് ജില്ലക്ക് വീണ്ടും പരീക്ഷണം നേരിടേണ്ടി വരുന്നത്.
മുംബൈയിൽ നിന്ന് വന്ന 41 ഉം 49 ഉം വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. കുമ്പള, മംഗൽപാടി സ്വദേശികൾ ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. ഇവരെല്ലാം ക്വാറന്റിനിലാണ്. അതേസമയം ഇവരിൽ ചിലർ നിരവധി പേരുമായി സമ്പർക്കം പുലർത്തിയതായി സൂചനയുണ്ട്. മുംബൈയിൽ നിന്ന് വീട്ടിൽ എത്തിയ ഇവരെ കാണാൻ നിരവധി ആളുകൾ വന്നിരുന്നതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ചികിത്സയിൽ ഉണ്ടായിരുന്ന 178 പേരും രോഗമുക്തി നേടിയിരുന്നു. പുതിയ കേസുകൾ വന്നതോടെ രോഗം ബാധിച്ചവരുടെ എണ്ണം 182 ആയി.