മാഹി: ലോക്ക് ഡൗണിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരെ തടയുന്നതിൽ പ്രതിഷേധിച്ച് മാഹിയിലെ മാദ്ധ്യമ പ്രവർത്തകർ കരിദിനമാചരിച്ച് മാഹി പ്രസ് ക്ലബ്ബിൽ കുത്തിയിരിപ്പ് സമരം നടത്തി. മാദ്ധ്യമ പ്രവർത്തകരുടെ കൃത്യ നിർവ്വഹണവും സഞ്ചാര സ്വാതന്ത്ര്യവും തടയുന്ന മാഹി പൊലീസിന്റെയും മയ്യഴി ഭരണകൂടത്തിന്റെയും നിഷേധാത്മക സമീപനം പുതുച്ചേരി സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന്റെ ഭാഗമായാണ് സമരം നടത്തിയത്.
തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻ കത്ത്യാരത്ത്, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, എൻ.വി. അജയകുമാർ സംസാരിച്ചു. പുതുച്ചേരി പത്രപ്രവർത്തക അസോസിയേഷൻ ജന. സെക്രട്ടറി ദയാലൻ മുഖ്യമന്ത്രി വി. നാരായണസാമിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.
മുൻ മന്ത്രി ഇ. വത്സരാജ്, ഡോ. വി.രാമചന്ദ്രൻ എം.എൽ.എ എന്നിവരും മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന് കളക്ടർ ഇടപെട്ട് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മയുടെ ചേമ്പറിൽ ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മാഹി പാലത്തിൽ മാദ്ധ്യമ പ്രവർത്തകരെ തടയരുതെന്ന് ന്യൂ മാഹി സർക്കിൾ ഇൻസ്‌പെക്ടർ, സബ്ബ് ഇൻസ്‌പെക്ടർ എന്നിവർക്ക് തലശ്ശേരി ഡിവൈ.എസ്.പിയും നിർദേശം നൽകിയിട്ടുണ്ട്.