കാസർകോട്: ജില്ല കൊവിഡ് മുക്തമായതിന്റെ ആശ്വാസത്തിന് അല്പായുസ് നൽകിയാണ് വീണ്ടും നാല് പേർക്ക് രോഗം ബാധിച്ചത്. തലപ്പാടി അതിർത്തി കടന്നെത്തിയ നാല് മുംബൈ മലയാളികൾക്കാണ് ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മറുനാടൻ മലയാളികൾ നിയന്ത്രണമില്ലാതെ ജില്ലയിലെത്തുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. മുംബൈയിൽ നിന്ന് എത്തിയ 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കുമ്പള, മംഗൽപാടി സ്വദേശികൾ ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. ഇവർ എല്ലാവരും ക്വാറന്റൈനിലാണ്. കുമ്പള, മംഗൽപ്പാടി സ്വദേശികൾ ഈ മാസം എട്ടിനും പൈവളിഗെ സ്വദേശി നാലിനുമാണ് ജില്ലയിലെത്തിയത്. ഇവർ ക്വാറന്റൈനിൽ കഴിയുമ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ സമ്പർക്കത്തിൽ ഏർപെട്ടതും ജില്ലയെ കുഴക്കുകയാണ്. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് രോഗ പര്യവേക്ഷണ ഓഫീസർ ഡോ. പ്രദീപ് അവാതെ വ്യക്തമാക്കിയിരുന്നു. മുംബൈയിൽ സമൂഹ വ്യാപനത്തിന് തുല്യമായ രോഗം റിപോർട്ട് ചെയ്തതായി അദ്ദേഹം അറിയിച്ചിരുന്നു. ഒരു ഘട്ടത്തിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്ന കാസർകോട് ആഴ്ചകൾ നീണ്ട ട്രിപ്പിൾ ലോക്ക് ഡൗണിലൂടേയും ആരോഗ്യ പ്രവർത്തകരുടെ ശക്തമായ പോരാട്ടത്തിലൂടെയുമാണ് പൂർണ കൊവിഡ് മുക്തി നേടിയത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും രണ്ട് തവണ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടതോടെ ജില്ല ഏറെ ആശ്വസിച്ചിരുന്നു.
അതേസമയം ഈ ആശ്വാസം താത്ക്കാലികമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തെ തന്ന വ്യക്തമാക്കിയിരുന്നു. ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ പരിശോധന പൂർത്തിയായൽ മാത്രമേ ജില്ല കൊവിഡ് മുക്തമാകൂവെന്നാണ് അധികൃതർ പറയുന്നത്. അതിന് ആറുമാസം വരെ സമയവും വേണ്ടിവരും. കൊവിഡ് പിടിപെട്ട നാലുപേരെയും സന്ധ്യയോടെ ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിലെക്ക് മാറ്റി. ഇനി 196 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 22 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള നാല് പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.