pic

കാസർകോട്: നിബന്ധനകൾ പാലിച്ചു തുറന്ന് പ്രവർത്തനം ആരംഭിച്ച മടക്കര ഹാർബറിൽ മത്സ്യം എത്തുന്നതിന്റെ തോത് വർദ്ധിച്ചു. നാലാം ദിവസമായ തിങ്കളാഴ്ച മാത്രം മടക്കര ഹാർബറിൽ നിന്ന് വിപണനം ചെയ്തത് 10, 06, 550 രൂപയുടെ മത്സ്യമാണ്. ഹാർബർ തുറന്ന ദിവസത്തിന്റെ ഇരട്ടിയാണ് തിങ്കളാഴ്ച നടത്തിയ വിപണനം. ആദ്യദിവസം 4, 60, 395 രൂപയുടെ മത്സ്യമാണ് വിൽപ്പന നടത്തിയത്.

ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ജീവനക്കാരാണ് മടക്കര ഹാർബറിൽ മത്സ്യ വിപണനം നടത്തുന്നത്. 4683 കിലോ മത്സ്യമാണ് ഇന്നലെ വിറ്റത്. 26 മൽസ്യബന്ധന ബോട്ടുകളിൽ മൽസ്യത്തൊഴിലാളികൾ കൊണ്ടുവന്നത് 2583 കിലോ മീൻ ആണ്. ഇതിന് 569550 രൂപ കണക്കാക്കി. 25 തോണികളിലായി 2100 കിലോ മീൻ കൊണ്ടുവന്നു. 4, 36, 000 രൂപയാണ് ഇതിന് ഈടാക്കിയത്. ടോക്കൺ എടുത്ത് മീൻ വാങ്ങിക്കാൻ മടക്കരയിൽ എത്തിയത് 351 കച്ചവടക്കാരാണ്. ഹാർബർ തുറന്ന ആദ്യദിവസം മടക്കരയിൽ 22 ബോട്ടുകാരും 25 തോണിക്കാരും എത്തിച്ചത് 1566 കിലോ മൽസ്യമായിരുന്നു. 194 കച്ചവടക്കാരും മീൻ വാങ്ങിക്കാൻ എത്തിയിരുന്നു. മോഹവില കിട്ടുന്നതിന് ലേലം വിളി നടത്തുന്ന തൈക്കടപ്പുറം ഫിഷ് ലാൻഡിംഗ് സെന്ററിൽ കൂടുതൽ ബോട്ടുകൾ മീൻ ഇറക്കുകയാണ്. വേലിയിറക്കം കാരണം മാടുകളിൽ തട്ടുമെന്നതിനാൽ മടക്കരയിലേക്ക് അടുപ്പിക്കാൻ കഴിയാത്ത ബോട്ടുകളും തൈക്കടപ്പുറത്ത് മീൻ ഇറക്കുന്നുണ്ട്. ഈ ബോട്ടുകളെല്ലാം മടക്കരയിൽ മീൻ ഇറക്കിയാൽ മീൻ കിട്ടുന്നതിന്റെ തോത് ഇതിലും ഇരട്ടിയാകുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ലേലം വിളി ഒഴിവാക്കി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു വില നിശ്ചയിച്ചു മത്സ്യം തൂക്കി വിൽക്കുകയാണ് ചെയ്യുന്നത്. ടോക്കൺ നൽകി മീൻ വാങ്ങിയശേഷം ദൂരെ കൊണ്ടുപോയി അധികൃതരുടെ കണ്ണുവെട്ടിച്ച് ലേലം വിളി നടത്താനുള്ളള നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്. അതേസമയം തൈക്കടപ്പുറം ഫിഷ് ലാൻഡിഗ് സെന്റർ സ്ഥിരമായി തുറക്കുന്നതിന് അനുമതി നൽകാൻ നീക്കം നടക്കുന്നുണ്ട്. മത്സ്യം ലേലം വിളിക്കുന്നത് തടയുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ പറഞ്ഞു. ഇത് സർക്കാർ തീരുമാനമാണെന്നും ബോട്ടുകളെല്ലാം മടക്കരയിൽ അടുപ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ നിയന്ത്രണങ്ങൾ പാലിച്ചാൽ തൈക്കടപ്പുറം ഫിഷ് ലാൻഡിങ് സെന്റർ തുറക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.