മടിക്കൈ: മാസങ്ങൾ നീണ്ടുനിന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമായി നട്ടുവളർത്തിയ നേന്ത്ര വാഴകൾ കാറ്റിലും മഴയിലും മുറിഞ്ഞു വീണ് മനസ് തകർന്ന് വാഴകർഷകൻ. മടിക്കൈ മുങ്ങത്ത് പി. പൊക്കന്റെ നേന്ത്ര വാഴ കൃഷിയാണ് പൂർണ്ണമായും നശിച്ചത്. കഴിഞ്ഞ ദിവസം മടിക്കൈ പ്രദേശത്ത് ആകെ വ്യാപകമായി നാശം വിതച്ച കാറ്റാണ് ഈ കൃഷിക്കാരന്റെ വാഴ തോട്ടം തീർത്തും ഇല്ലാതാക്കിയത്. കുലക്കാറായ 70 ഓളം നേന്ത്ര വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. മുങ്ങത്തെ പ്രധാന കർഷകനാണ് പൊക്കൻ. എഴുപതാമത്തെ വയസിലും ഒരേക്കറോളം വരുന്ന തന്റെ കൃഷിയിടത്തിൽ എന്നും വാഴക്കൃഷി നടത്താറുണ്ട് ഇദ്ദേഹം. കൃഷി ചെയ്യാൻ മാത്രം വാങ്ങിയിട്ട സ്ഥലമാണിത്. നല്ല വരുമാനവും ലഭിച്ചിരുന്നു. ഇക്കുറി കനത്ത നഷ്ടമാണ് ഇദ്ദേഹത്തിന് നേരിട്ടത്.