കാസർകോട്: മംഗളൂരുവിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ വീടുകളിൽ എത്തിച്ച് യൂത്ത് കോൺഗ്രസ്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ വിഭാവനം ചെയ്ത യൂത്ത് കെയർ സേവന പരിപാടികളുടെ ഭാഗമായി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിന്റെ നേതൃത്വത്തിലാണ് തൊഴിലാളികളെ വീടുകളിൽ സുരക്ഷിതമായി എത്തിച്ചത്.
മാർച്ച് 25 ന് മീൻ പിടിക്കാൻ പോയ മലപ്പുറം ജില്ലക്കാരായ ഏതാനും മത്സ്യത്തൊഴിലാളികൾക്കാണ് നാട്ടിൽ എത്താൻ കഴിഞ്ഞത്. ഇവർ കർണ്ണാടകയിൽ കുടുങ്ങിയ വിവരം പരപ്പനങ്ങാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫസൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെ അറിയിച്ചതിനെ പിന്നാലെയാണ് സംഘടന ഇവരുടെ രക്ഷക്കെത്തിയത്.
മലപ്പുറത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളായ കോയമോനും കൂട്ടരും പുറംകടലിൽ കുടുങ്ങിയതായിരുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത് പോലും ആദ്യം ഇവർ അറിഞ്ഞിരുന്നില്ല. പട്ടിണി സഹിക്കാതെ കരയിലെത്തിയ അവർ നിരവധി ദിവസങ്ങൾ വഴിവക്കിലാണ് കിടന്നുറങ്ങിയത്. തൊഴിലാളികളുടെ ദുരിതം അറിഞ്ഞ ജുമാമസ്ജിദ് ഭാരവാഹികൾ മദ്രസയിൽ താമസിപ്പിക്കുകയും, ഭക്ഷണം നൽകുകയുമായിരുന്നു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ കോയമോൻ, അസൈനാർ കുട്ടി, മുനീർ പി. എം, കാസ്മി, ഹനീഫ, എന്നിവർക്ക് കേരള സർക്കാരിന്റെ ജാഗ്രത പാസ് ലഭിക്കാൻ അപേക്ഷിക്കുകയും, ഇവരെ സ്വദേശത്ത് എത്തിക്കാൻ സൗജന്യമായി വാഹനം നോയൽ തന്നെ തയ്യാറാക്കി നൽകി. മംഗളുരു തുറമുഖത്തുനിന്ന് തലപ്പാടി വരെ ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിൽ ഇവരെ എത്തിച്ചു. തലപ്പാടി അതിർത്തിയിൽ കൊവിഡ് കൗണ്ടറിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾ യാത്രയായി. ലഘു ഭക്ഷണ കിറ്റുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തയ്യാറാക്കി നൽകിയിരുന്നു.