കാസർകോട്: കേരളത്തിന്റെ പാസ് ഇല്ലാതെ കർണാടകത്തിൽ നിന്ന് വനങ്ങളിലെ ഊടുവഴികളിലൂടെയും റെയിൽവെ ട്രാക്കിലൂടെയും ആളുകൾ കേരളത്തിലേക്ക് എത്തുന്നത് വ്യാപകമായി. ഇതരസംസ്ഥാന തൊഴിലാളികളാണ് റെയിൽ പാതയിലൂടെ നടന്നു നീങ്ങുന്നത്. കർണ്ണാടകയിൽ കുടുങ്ങി കിടക്കുന്ന കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ളവരും വാഹനം കിട്ടാത്തതിനാൽ റെയിൽപാതയാണ് ആശ്രയിക്കുന്നത്.
കാസർകോട് വനാതിർത്തിയിൽ യാത്രക്കാരെ അതിർത്തി കടത്താൻ ഏജന്റുമാരും സജീവമാണ്. ഒരു യാത്രക്കാരനെ അതിർത്തി കടത്തിയാൽ വാങ്ങുന്നത് 2000 രൂപ. ദേലംപാടി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മണ്ടക്കോൽ വഴിയുള്ള ഗ്രാമീണ റോഡുകളിലൂടെയാണ് പ്രധാനമായും അതിർത്തി കടത്തുന്നത്. ഇവിടെ ആദ്യം കർണാടക മണ്ണിട്ട് മൂടിയിരുന്നു. പിന്നീട് അവർക്ക് ആവശ്യമുള്ള റോഡുകൾ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെ തുറന്ന റോഡുകളിൽ കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ കർണാടക ഒരു പരിശോധനയുമില്ലാതെ കടത്തി വിട്ടിരുന്നു. ഈ റോഡുകളാണ് പാസ് ഇല്ലാത്ത ആളുകളെ കടത്താൻ ഉപയോഗിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്സ്പോട്ടുകളിൽ നിന്നുള്ള ആളുകൾ വരെ ഇതുവഴി വരുന്നുണ്ട്. മണ്ടക്കോൽ വഴി അഡൂരിൽ എത്തി ബന്തടുക്ക റൂട്ടിൽ കണ്ണൂരിലെത്തിയവർ വരെയുണ്ട്. ദേലംപാടി പരപ്പയ്ക്കടുത്ത ബെള്ളിപ്പാടി വഴിയും കടത്തുണ്ട്. മണൽ മാഫിയയാണ് ഇവിടെ ഏജന്റുമാർ. അതിർത്തിയിൽ മൂഡൂരിൽ മണ്ണ് നീക്കിയിട്ടുണ്ട്. ഇത് വഴി വന്ന് പൊലീസ് ചെക്പോസ്റ്റായ കൊട്ടിയാടിക്ക് തൊട്ടടുത്തുള്ള കാട്ടിൽ ഇറക്കി വിടും. കാട്ടിലൂടെ തന്നെ നടന്ന് കുമ്പഡാജെ, കാറഡുക്ക പഞ്ചായത്തുകളിലെത്തും. കഴിഞ്ഞ ദിവസം ഗാഡിഗുഡ്ഡെയിലേക്ക് ഇത് വഴി രണ്ട് പേർ എത്തിയിരുന്നു. ബെള്ളൂർ പഞ്ചായത്തിന്റെ അതിർത്തിയായ സുള്യപദവിൽ നിന്നും അതിർത്തി കടത്തുന്നുണ്ട്.