കണ്ണൂർ: കൊവിഡ് 19 വ്യാപനം അതീവ ആശങ്ക വിതക്കുകയും രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയും ചെയ്യുന്നതിനിടെ പ്രവാസികളും ഇതര സംസ്ഥാനത്ത് കഴിയുന്ന മലയാളികളും എത്തി തുടങ്ങി. സമ്പൂർണ്ണമായി കൊവിഡ് വിമുക്തമായ കാസർകോട് ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിതീകരിച്ചതോടെ കണ്ണൂരും അതീവ ജാഗ്രതയിലാണ്. രോഗികളായി ഇപ്പോൾ മൂന്നു പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രം - 2, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 1 എന്നിങ്ങനെയാണ് ചികിത്സയിലുള്ലത്.
കണ്ണൂരിൽ അതിർത്തി കടന്നെത്തിയ 152 വാഹനങ്ങളിലെ 441 പേരെ പരിശോധിച്ചു. ഇതിൽ 340 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. 252 പേരെ കൊവിഡ് കെയർ സെന്ററിലും 189 പേരെ വീടുകളിൽ ക്വാറന്റൈനിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 91 പേരിൽ 57 പേർ വീടുകളിലും 32 പേർ ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും ക്വാറന്റൈനിലാണ്. രണ്ടു പേർ ആശുപത്രി ഐസൊലേഷനിലാണ്.
ദുബായിയിൽ നിന്നും ഇന്ന് കണ്ണൂരിലേക്ക് പ്രവാസികളുമായി വിമാനം എത്തുന്നതും ആശങ്കയാകുന്നുണ്ട്. ജില്ലയിൽ ഇപ്പോൾ 556 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 38 പേർ ആശുപത്രിയിലും 518 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ മൂന്ന് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ട് പേരും കണ്ണൂർ ജില്ലാശുപത്രിയിൽ അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
ഇതുവരെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4348 പേരിൽ 3244 പേർ വീടുകളിലും 1103 പേർ ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും ക്വാറന്റൈനിലാണ്. ഒരാൾ ഐസൊലേഷനിലാണ്. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 22 പേർ വീട്ടിലും നിരീക്ഷണത്തിലാണ്.