pic

കണ്ണൂർ: അന്താരാഷ്ട്ര നഴ്‌സ് ദിനത്തിൽ അവകാശ നിഷേധത്തിനെതിരായ കണ്ണൂരിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. കൊയ്‌ലി ആശുപത്രി മാനേജ്മെന്റ് ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെയാണ് മൂന്ന് മണിക്കൂറോളം നീണ്ട സമരം അവസാനിച്ചത്. ഇവർ മുന്നോട്ട് വെച്ച ഏഴിന ആവശ്യങ്ങൾ അംഗീകരിച്ച് മെഡിക്കൽ ഡയറക്ടർ ഡോ. വി. സുരേഷ് ഒപ്പിട്ടതോടെയാണ് സമാപനം. മുഴുവൻ ജീവനക്കാർക്കും മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ സൗജന്യമായി നൽകും. നിർബന്ധിത ലീവ് എടുപ്പിച്ച് ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം സമരത്തിനൊടുവിൽ ഉപേക്ഷിച്ചു. നഴ്സുമാർക്ക് വാഹന സൗകര്യവും തിരിച്ചറിയൽ കാർഡും ഏർപ്പെടുത്തും. സർക്കാർ ഉത്തരവ് വരും വരെ പഞ്ചിംഗും ഉണ്ടാകില്ല. പൊതു വാഹനങ്ങൾ വരുന്നത് വരെ 12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റാകും ഉണ്ടാകുക. താത്കാലിക ജീവനക്കാരെയും പിരിച്ചു വിടില്ലെന്നും മാനേജ്മെന്റ് രേഖാമൂലം ഉറപ്പ് നൽകി.

കൊയിലി ആശുപത്രിയിൽ നൂറു കണക്കിന് നഴ്‌സുമാരാണ് രാവിലെ 7.30 മുതൽ പ്രതിഷേധം ആരംഭിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇറങ്ങാതെ ഡ്യൂട്ടി തുടരുകയും രാവിലെ എത്തിയവർ പ്രതിഷേധം നടത്തുകയുമായിരുന്നു. സാമൂഹിക അകലം പാലിച്ച് സമരം തുടങ്ങിയതോടെ പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടർന്നാണ് മാനേജ്മെന്റുമായി ചർച്ച നടത്തിയതെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ പ്രതിനിധി സനൽ പറഞ്ഞു.