ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതായ കർഷകർക്ക് ഇരുട്ടടി നൽകി ദേശ സാൽകൃത ബാങ്കുകൾ. കർഷകർക്ക് സ്വർണ്ണം പണയമായി സ്വീകരിച്ച് നാല് ശതമാനം പലിശയ്ക്ക് നൽകുന്ന വായ്പ നിഷേധിച്ചാണ് ക്രൂരത. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന വാദം നിരത്തി നാല് ശതമാനത്തിന് വായ്പ നൽകുന്ന പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ജൂൺ മുതലേ നടപ്പാക്കൂ എന്നിരിക്കെയാണ് ബാങ്കുകൾ ഇപ്പോഴേ ഇത് ഏറ്റു പിടിക്കുന്നത്. സ്വർണ്ണം തിരിച്ചെടുക്കാൻ വരുന്നവരോടും പണയം വെക്കാൻ വരുന്നവരോടും ഒൻപത് ശതമാനം നിരക്കിൽ പലിശ അടക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഒരു സെന്റിന് 3000 രൂപ നിരക്കിലാണ് വായ്പ നൽകിയിരുന്നത്. ജില്ലകളിലെ മുൻനിരയിലുള്ള ബാങ്കുകളാണ് സബ്സിഡി തുക മറ്റ് ബാങ്കുകൾ കൈമാറുക. ഇവർ വിമുഖത കാട്ടുന്നതാണ് പല ബാങ്കുകളെയും കർഷകർക്ക് മുന്നിൽ കണ്ണടക്കാൻ നിർബന്ധിതരാക്കാൻ കാരണം. പലയിടത്തും വിളനാശം സംഭവിക്കുമ്പോൾ കർഷകർക്ക് മുതൽ മുടക്കാൻ പോലും പണം ഉണ്ടാകാറില്ല. ഇതോടെ ബ്ലേഡുകളോട് വായ്പ വാങ്ങാൻ നിർബന്ധിതരാകുകയാണ് കർഷകർ.
കൊവിഡിന് പിന്നാലെ ലോക്ക്ഡൗൺ വന്നതോടെ ജനങ്ങളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലായിട്ടുണ്ട്. ഇതിനിടെയാണ് ബാങ്കുകളുടെ ക്രൂരത. സഹകരണ ബാങ്കുകൾ സെന്റിന് ആയിരം രൂപ നിരക്കിൽ പരമാവധി അര ലക്ഷം വരെയാണ് വായ്പ നൽകുന്നത്. എന്നാലിതൊന്നും കാര്യം നടപ്പാക്കാൻ തികയുന്നില്ല. വേനൽ മഴയിലും വരൾച്ചയിലും വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയതിലെല്ലാം ഉത്പാദനം കുറഞ്ഞു. കശുഅണ്ടിയ്ക്ക് പോലും വിലയില്ലാതായതോടെ മിശ്ര കൃഷി ചെയ്യുന്നവർ പോലും സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരിച്ചടി നേരിട്ടാലും അടുത്ത വർഷമെന്ന പ്രതീക്ഷയിൽ കൃഷി ഇറക്കുന്നതും ഇത്തരം വായ്പ പ്രതീക്ഷിച്ചാണ്. എന്നാൽ ഇപ്പോൾ അത് കൂടി ഇല്ലാതാകുകയാണ്. വേറെ ജോലി പോലും ഇല്ലാത്ത അവസ്ഥയിലാണ് ഈ ക്രൂരതയെന്ന് കർഷകർ പറയുന്നു.