വെല്ലിംഗ്ടൺ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തി ജനജീവിതം സുഗമമാക്കാൻ ന്യൂസ്ലൻഡ് തയ്യാറെടുക്കുന്നു. കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതാണ് തീരുമാനത്തിന് കാരണം. പ്രധാനമന്ത്രി ജസീന്ത ആൻഡേൻ ഇക്കാര്യം സ്ഥിതീകരിച്ചു. റീട്ടെയിൽ കടകൾ, മാളുകൾ, ഭക്ഷണശാലകൾ, സിനിമ തിയറ്ററുകൾ, പൊതു ഇടങ്ങൾ എന്നിവയെല്ലാം ഇളവിന്റെ പരിധിയിൽ വരും. 14 മുതൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കും. രണ്ടാഴ്ചയ്ക്കിടയിലെ പുരോഗതി വിലയിരുത്തിയ ശേഷമാണ് നീക്കം.
ഇന്നലെ രാജ്യത്ത് മൂന്ന് കേസുകൾ മാത്രമാണുണ്ടായത്. ഇപ്പോൾ ആകെ 90 പോസിറ്റീവ് കേസുകളേ ന്യൂസിലൻഡിലുള്ളൂ. രണ്ടുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം ധാരണയിലെത്തിയത്. കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തിന് പ്രതിസന്ധി അതീജിവിക്കാനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.
14 മുതൽ റീട്ടെയിൽ ബിസിനസുകൾ, ഹെയർഡ്രസുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മാളുകൾ, കളിസ്ഥലങ്ങൾ എന്നിവ തുറക്കും. ജനങ്ങളെ പരസ്പരം ഇടപഴകാനും അനുവദിക്കും. 18 മുതൽ സ്‌കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കും. 21 മുതൽ ബാറുകൾ തുറക്കും. ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കും ഇതിന് അനുമതി നൽകുക. അതേസമയം ഹോട്ടലുകൾ, അത്താഴവിരുന്ന്, വിവാഹം, സംസ്‌കാരം എന്നിവിടങ്ങളിൽ 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.