മട്ടന്നൂർ: ഒന്നര മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നിറഞ്ഞ മനസുമായി പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി. ഇനിയുള്ള രണ്ടാഴ്ച കരുതലിന്റെ കരങ്ങൾ അവർക്ക് സ്നേഹത്തണലൊരുക്കും. കൊവിഡ് മഹാമാരിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുരുങ്ങിയ 180 ഓളം യാത്രക്കാരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിൽ ആദ്യ വിമാനം ഇന്നലെ സന്ധ്യയോടെ പറന്നിറങ്ങി.

രാവിലെ പത്തരയോടെ കണ്ണൂരിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം ദുബായിൽ നിന്നും പ്രവാസികളെ വഹിച്ച് ഇന്നലെ രാത്രി ഏഴരയോടെ പറന്നിറങ്ങുകയായിരുന്നു. പരിശോധന കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് ആദ്യയാത്രക്കാരെ പുറത്തെത്തിച്ചത്. രണ്ട് വയസിൽ താഴെയുള്ള അഞ്ചുകുട്ടികൾ, ഗർഭിണികൾ, 14 വയസ്സിനു താഴെയുള്ള കുട്ടികൾ, 75നു മുകളിൽ പ്രായമുള്ളവർ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരിൽ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയച്ചത്. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ, ബാഗേജ് നീക്കം എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

പുറത്തിറക്കിയത് 20 അംഗ സംഘങ്ങളായി
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്.. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയും നടത്തി. എയറോഗ്രോമിൽ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.
ഓരോ ജില്ലകളിലേക്കുമുള്ളവർക്കായി പ്രത്യേകം കെ.എസ്. ആർ.ടി.സി ബസുകൾ ഏർപ്പാട് ചെയ്തിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. സ്വന്തമായി വാഹനം ഏർപ്പാട് ചെയ്യാത്തവർക്ക് പെയ്ഡ് ടാക്സി സൗകര്യവും ഒരുക്കിയിരുന്നു.
യാത്രക്കാരുടെ ഹാൻഡ് ബാഗുകൾ, ലഗേജുകൾ എന്നിവ അണുവിമുക്തമാക്കിയ ശേഷമാണ് വിട്ടുകൊടുത്തു.
വിവരശേഖരണത്തിനും ബോധവത്ക്കരണത്തിനും 10 കൗണ്ടറുകളാണ് തയ്യാറാക്കിയിരുന്നത്. യാത്രക്കാർക്ക് പുതിയ സിം കാർഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബി.എസ്. എൻ. എല്ലിന്റെ പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു.
ജില്ലാ കളക്ടർ ടി.വി. സുഭാഷ്, സബ് കളക്ടർമാരായ ആസിഫ് കെ.. യൂസഫ്, എസ്.ഇലാക്യ, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ജില്ലാ നോഡൽ ഓഫീസർ ഡോ. അഭിലാഷ്, കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.. പി ജോസ്, കിയാൽ ചീഫ് ഓപ്പറേഷൻ ഓഫീസർ താരിഖ് ഹുസൈൻ ഭട്ട്, സീനിയർ മാനേജർ ഓപ്പറേഷൻസ് രാജേഷ് പൊതുവാൾ, സി..എസ്.ഒ എം.വി. വേലായുധൻ, സി..എസ്‌.ഐ.എഫ് കമാൻഡന്റ് സി.എസ് ഡാനിയേൽ ധൻരാജ്, അഡ്മിനിസ്‌ട്രേഷൻ മാനേജർ ടി ..അജയ് കുമാർ, ചീഫ് എമിഗ്രേഷൻ ഓഫീസർ സന്തോഷ് നായർ തുടങ്ങിയവർ യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു.

കണ്ണൂരിലെത്തിയത് 180 യാത്രക്കാർ

കണ്ണൂർ- 109

കാസർകോട് 47

കോഴിക്കോട് 12

മലപ്പുറം7

മാഹി 3

വയനാട്1

തൃശൂർ1