മാഹി: മൂന്നാം ഘട്ട ലോക് ഡൗൺ കഴിയാറായിട്ടും മയ്യഴിയിലെ മദ്യഷാപ്പ് തൊഴിലാളികൾക്ക് വേതനമില്ല. മാഹിയിലെ മുഴുവൻ ഷോപ്പ് തൊഴിലാളികൾക്കും പൂർണ്ണ വേതനം നൽകണമെന്ന് ലേബർ ഓഫീസറുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ കടയടപ്പ് രണ്ട് മാസം പൂർത്തിയായിട്ടും മദ്യഷാപ്പ് തൊഴിലാളികൾക്കടക്കം ശമ്പളം ഇതുവരെയും ലഭ്യമായിട്ടില്ല.
വിഷുകാലത്തെ ബോണസും നൽകിയില്ല. ഉത്തരവ് നടപ്പിലാക്കിയോ എന്ന് ബന്ധപ്പെട്ട അധികാരികൾ അന്വേഷിച്ചിട്ടില്ല. വർഷങ്ങളായി തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുന്ന മദ്യഷാപ്പുകൾ ഇപ്പോഴും മയ്യഴിയിൽ ഉണ്ട്. ഈ തൊഴിലാളികളാണ് കൂടുതൽ ചൂഷണത്തിന് ഇരയാവുന്നത്.