കണ്ണൂർ: സർക്കാർ ജീവനക്കാരെ ഓഫീസുകളിൽ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ഏർപ്പെടുത്തിയ ബസ് ഓടിത്തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്ക് എത്തിച്ചേരാനാകാതിരുന്ന നിരവധി പേർക്ക് ഇതാശ്വാസമായി. ആദ്യദിനം 106 പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂർ 31, കരിവെള്ളൂർ 32, ഇരിട്ടി 9, പാനൂർ 8 ശ്രീകണ്ഠപുരം13, കൂത്തുപറമ്പ് 13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളിൽ യാത്ര ചെയ്തവരുടെ എണ്ണം.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളാണ് സർവീസിനായി ഉപയോഗപ്പെടുത്തിയത്. കൂടിയ ചാർജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്.ഒരേസമയം ബസിൽ 30 പേർക്ക് മാത്രമാണ് യാത്രചെയ്യാൻ അനുമതി. ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയൽ കാർഡുള്ള സർക്കാർ ജീവനക്കാരെ മാത്രമാണ് വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചത്. ബസ് സർവീസിന്റെ ഫ്‌ളാഗ് ഓഫ് സിവിൽ സ്‌റ്റേഷൻ പരിസരത്ത് കളക്ടർ ടി.വി സുഭാഷ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം ഇ.പി മേഴ്‌സി തുടങ്ങിയവർ പങ്കെടുത്തു.