നീലേശ്വരം: പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. തേജസ്വിനി പുഴയിൽ പാലായി താംകൈ കടവിലാണ് റെഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നത്. പാലത്തിന് 17 സ്പാൻ വേണ്ടിടത്ത് 10 സ്പാനിന്റെയും പണി ഇതിനകം പൂർത്തിയായി. മൂന്ന് തൂണുകളുടെ പണി ഈമാസം അവസാനത്തോടെ പൂർത്തീകരിക്കാനുള്ള ജോലിയാണ് ഇപ്പോൾ നടക്കുന്നത്.

10 സ്ലാബിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. പാലായി ഭാഗത്തുള്ള അനുബന്ധ റോഡിന്റെയും പണി നടന്നു വരികയാണ്. 65 കോടി ചെലവിൽ നബാർഡിന്റെ സഹായത്തോടെയാണ് പാലായി ഷട്ടർ കം ബ്രിഡ്ജ് പണിയുന്നത്. മെക്കാനിക്കൽ വിഭാഗത്തിന്റെ പണിയും ഏകദേശം പൂർത്തിയായി. കഴിഞ്ഞവർഷമുണ്ടായ വെള്ളപ്പൊക്കവും ഇപ്പോൾ നിലവിലുള്ള ലോക്ക് ഡൗണും ഇല്ലായിരുന്നുവെങ്കിൽ പദ്ധതിയുടെ 90 ശതമാനം പണിയും തീരുമായിരുന്നു.
2019 ഒക്ടോബർ മാസത്തിലാണ് ഷട്ടർ കം ബ്രിഡ്ജിന്റെ പണി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഷട്ടർ കം ബ്രിഡ്ജിന്റെ പണി പൂർത്തിയാകുന്നതോടെ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ നിന്നും കാസർകോട്ടേക്കും മംഗലാപുരത്തേക്കും റോഡ് മാർഗം എളുപ്പത്തിൽ എത്താൻ സാധിക്കും.

ചെലവ് 65 കോടി

ആകെ സ്പാൻ 17

പൂർത്തിയായത് 10