കാസർകോട്: കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടി മുതലായി ഭദ്രമായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായി. ഇന്നലെ കാസർകോട് വിജിലൻസ് ആൻഡ് ആന്റികറപ്‌ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നേരത്തെ പിടികൂടി തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തിൽ വലിയ കുറവ് കണ്ടെത്തിയത്. പുറത്തു നിന്ന് ആരെങ്കിലും എത്തി കടത്താൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ 'മദ്യക്കള്ളൻ' റേഞ്ച് ഓഫീസിനകത്തുള്ളവർ ആയിരിക്കുമെന്ന നിഗമനത്തിലാണ് വിജിലൻസ്. തൊണ്ടിമുതൽ കാണാതായത് സംബന്ധിച്ച് വിജിലൻസ് റെയ്ഡ് നടത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന റേഞ്ച് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർക്ക് വ്യക്തമായ കാരണം പോലും ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയർ ഗ്രേഡ് ഓഫീസർ ഗോപാലകൃഷ്ണൻ, എസ്.ഐമാരായ പി.പി.മധുസൂദനൻ, ശശിധരൻ പിള്ള,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.പി.സുഭാഷ്, കെ.വി.സുരേഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
ഒലിച്ചുപോയത് 600 പായ്ക്കറ്റ് മദ്യം
2019-20 കാലയളവിൽ വിവിധ അബ്‌കാരി കേസുകളിൽ പിടികൂടി വിദ്യാ നഗറിലെ റേഞ്ച് ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന 180 മില്ലിലിറ്ററിന്റെ 600 പായ്ക്കറ്റ് വിദേശ മദ്യമാണ് കാണാതായത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരവേ പിടികൂടിയവയാണ് ഇവ. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തിൽ മുങ്ങിയിരുന്നു. കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതൽ രജിസ്റ്ററും പരിശോധിച്ച കാസർകോട് വിജിലൻസ് ഡിവൈ എസ്.പി കെ.ദാമോദരനും സംഘവും ഇത്രയും മദ്യം അപ്രത്യക്ഷമായെന്ന റിപ്പോർട്ടാണ് തയ്യാറാക്കിയത്. റിപ്പോർട്ട് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചുനൽകും.
അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കാസർകോട്ട് എക്സൈസ് റേഞ്ച് ആഫീസിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം കാണാനില്ലാത്ത സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് സർക്കാരിന് ശുപാർശ നൽകി. കഴിഞ്ഞ വർഷം വിവിധ കേസുകളിലായി പിടിച്ചെടുത്ത മദ്യമാണിത്. തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം ചിലർ അടിച്ചുമാറ്റുന്നതായി കാസർകോട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.ദാമോദരൻ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നായിരുന്നു റെയ്ഡ്.