pic

കാസര്‍കോട്: കേരള അതിർത്തി ഗുണ്ടാസംഘത്തിന്റെയും കഞ്ചാവ് മാഫിയയുടെയും പിടിയിൽ. മഞ്ചേശ്വരത്ത് രാത്രി കാലത്ത് ജനം പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. പൊലീസിന് വിവരം നൽകിയാൽ ആരെയും ബാക്കിവെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കുന്ന മിനി അധോലോകം. കഞ്ചാവ്, മയക്കുമരുന്നുകളുടെ പറുദീസയായി മഞ്ചേശ്വരം, തലപ്പാടി, ഉപ്പള പ്രദേശങ്ങൾ മാറിയിരിക്കുന്നു. കർണാടകയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയകൾ പിടിമുറുക്കിയതോടെയാണ് വെട്ടും കുത്തും വീടാക്രമണവും ഇവിടെ പതിവായി മാറിയത്.

കഴിഞ്ഞ ദിവസം ഗുണ്ടാസംഘത്തിലെ നാല് പേരെ മഞ്ചേശ്വരം പൊലീസ് പൊക്കിയിട്ടുണ്ട്.അന്ന് രാത്രി തന്നെ മൊർത്തണയിലെ മുഹമ്മദലിയുടെ വീട് 20 അംഗ സംഘം എത്തിയാണ് തകർത്തത്. സംഘർഷത്തിനിടെ നേതൃത്വം നൽകിയ സാലിക്കിന് കുത്തേറ്റിരുന്നു. ഈ സംഭവത്തിലാണ് നാലുപേർര്‍ പിടിയിലായത്. ഒന്നരമാസം മുമ്പ് പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ ഒരുസംഘം തീവച്ച് നശിപ്പിച്ചിരുന്നു. ഇതിന് പരാതി നൽല്‍കിയതിന്റെ പേരിൽ അബ്ദുൾ ഖാദർ എന്നയാളുടെ വീട്ടിൽ കയറി സംഘം ആക്രമണം നടത്തിയിരുന്നു. അബ്ദുൽ ഖാദറിനും ഭാര്യക്കും മകനും അക്രമത്തിൽ പരിക്കേറ്റിരുന്നു. പിന്നിട് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗൃഹനാഥനെ ഈ സംഘം തന്നെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

പത്തുദിവസം മുമ്പ് ബേക്കൂർ സ്വദേശി ഗഫൂറിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മിയപദവിലെ മൈതാനത്തുവച്ച് തല്ലി കാലൊടിച്ചിരുന്നു. കാഞ്ഞങ്ങാട് മീൻ ലോറിയിൽ കടത്തിയ കഞ്ചാവിനെ കുറിച്ച് പൊലീസില്‍ വിവരം നൽകിയതെന്ന് സംശയിച്ചാണ് സംഘത്തിന്റെ ആക്രമണം. പിന്നീട് നഷ്ടമായ കഞ്ചാവിന്റെ വിലയായ അരലക്ഷം രൂപ ഗഫൂറിന്റെറെ ബന്ധുക്കളിൽ നിന്ന് വാങ്ങിയതായും വിവരമുണ്ട്. കാലൊടിഞ്ഞ ഗഫൂർ ഇപ്പോഴും ചികിത്സയിലായാണ് 40. ഓളം ഗുണ്ടകളാണ് ഈ പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈര്യ വിഹാരം തടയുന്നത്. രാത്രികാലത്ത് ഒറ്റപ്പെട്ട് നടന്നുപോയാൽ പണം നൽകാതെ സംഘം വിടില്ല. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവരുന്നത്. സംഘത്തെ പേടിച്ച് ആരും പരാതി നൽകാൻ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ഗുണ്ടാവിളയാട്ടം തുടരുന്ന സാഹചര്യത്തിൽ രാത്രികാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.