കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനത്തെ ചെറുക്കാൻ തീവ്ര ശ്രമങ്ങൾ തുടരുന്നതിനിടെ ജില്ലയിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. ഇന്നലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിയിൽ നിന്നുള്ള 182 പേരാണ് എത്തിയത്. കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വൈറസ് ബാധിതർ ഉണ്ടാകാമെന്ന ധാരണയിൽ വൻ സന്നാഹം അധികൃതർ ഒരുക്കുന്നുണ്ട്.
ഇന്നലെ എത്തിയ യാത്രക്കാരിൽ 109 പേർ കണ്ണൂർ ജില്ലക്കാരാണ്. ആകെ യാത്രക്കാരിൽ 104 പേരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറന്റൈനിൽ വിട്ടു. ഗർഭിണികൾ, ഭർത്താക്കൾ, 14 വയസിനു താഴെയുള്ള കുട്ടികൾ, 75നു മുകളിൽ പ്രായമുള്ളവർ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.
എയറോഡ്രോമിൽ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രണ്ടു പേരെ ആംബുലൻസിൽ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലയിൽ ഇപ്പോൾ 1773 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 39 പേർ ആശുപത്രിയിലും 1734 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നാല് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ട് പേരും കണ്ണൂർ ജില്ലാശുപത്രിയിൽ അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
പോസിറ്റീവായ കേസുകളിൽ 30 ശതമാനത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഇതാണ് ആശങ്കയാകുന്നത്. വിദേശത്ത് നിന്ന് വരുന്നവർക്ക് അതത് രാജ്യങ്ങളിൽ ആന്റിബോഡി ടെസ്റ്റ് നടത്തിയാൽ രോഗവ്യാപന തോത് കുറയ്ക്കാൻ സഹായിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡ് വഴി മുപ്പത്തിമൂവായിരത്തിലധികം പേർ കേരളത്തിലെത്തിയിട്ടുണ്ട്. ഇതിൽ 19,000 പേരും റെഡ്‌സോൺ ജില്ലകളിൽ നിന്നാണ് വന്നത്. ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരിൽ 72,800 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. 89,950 പാസുകളാണ് ഇതുവരെ നൽകിയത്. അതിലും 45,157 പേർ റെഡ്‌സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതാണ് കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.