pic

കാസർകോട്: തൊഴിലാളികൾ കള്ളു ചെത്താത്തതിനെ തുടർന്ന് കാസർകോട് ജില്ലയിൽ ഭൂരിഭാഗം കള്ളുഷാപ്പുകളും അടഞ്ഞുകിടന്നു. സർക്കാർ പ്രവർത്തന അനുമതി നൽകിയിട്ടും ഇന്ന് ജില്ലയിൽ എല്ലാ റെയിഞ്ചുകളിലും കൂടി ആകെ തുറന്നത് 20 കള്ളുഷാപ്പുകൾ മാത്രമാണ്. കള്ളു കിട്ടാത്തതും ലൈസൻസ് നൽകുന്ന നടപടി വൈകിയതും ആണ് ഷാപ്പുകൾ തുറക്കുന്നതിന് പ്രതിസന്ധിയായത്.

മുഖ്യമന്ത്രി ഷാപ്പുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കള്ളുഷാപ്പ് ലേലം കഴിഞ്ഞിരുന്ന കാസർകോട് ജില്ലയിൽ വൃക്ഷ കരം എടക്കുന്ന നടപടി വൈകിയിരുന്നു. തെങ്ങൊന്നിന് 30 രൂപ വീതം കുറച്ച് കരം അടച്ചാൽ മാത്രമേ ചെത്ത് തൊഴിലാളികൾക്ക് പുതിയ തെങ്ങിൽ എത്താൻ കഴിയുകയുള്ളൂ. ഈ നടപടിക്രമം വൈകിയതിനാൽ ചെത്ത് തുടങ്ങിയ പ്രദേശങ്ങളിൽ തൊഴിലാളികൾക്ക് കള്ള് കിട്ടി തുടങ്ങിയിട്ടില്ല. ലേലം കഴിഞ്ഞ് ഷോപ്പുകൾക്ക് ലൈസൻസ് നൽകുന്ന നടപടിയും വൈകി. ഇതേതുടർന്നാണ് കള്ളു കിട്ടുന്നതുവരെ ഷാപ്പുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ചുരുങ്ങിയ അളവിൽ കള്ള് ശേഖരിച്ച് ഷാപ്പ് തുറന്നാൽ കുടിയൻമാരുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും എല്ലാവർക്കും കിട്ടാത്ത സമയം സംഘർഷത്തിനും കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് കള്ളില്ലാത്ത ഷാപ്പുകൾ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ പാർസൽ മാത്രം കൊടുക്കാൻ ആണ് അനുവാദം നൽകിയത്. ഷാപ്പിൽ ഭക്ഷണം നൽകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ട്. പാർസൽ മാത്രം കൊടുക്കാൻ ഷാപ്പ് തുറക്കുന്നത് വലിയ നഷ്ടമാകുമെന്നും ഉടമകൾ കരുതുന്നു. പൂർണമായ അളവിൽ കള്ളു ചെത്തി കിട്ടാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നും അതിനുശേഷം തുറക്കാനാണ് തീരുമാനമെന്നും കള്ളുഷാപ്പ് ഉടമ പി. ടി ലാലു പറഞ്ഞു.

കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ രാവിലെ മുതൽ ഉടമകളുമായി ബന്ധപ്പെട്ടിരുന്നു. നിലവിൽ ഷാപ്പുകൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ട് പി. ടി ലാലു ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള, ബദിയടുക്ക റെയിഞ്ച് കളിലാണ് ഏതാനും ഷാപ്പുകൾ തുറന്നത്.ജില്ലയിലാകെ 115 ഓളം ഷാപ്പുകളുണ്ട്.