കണ്ണൂർ: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ഇന്നു മുതൽ തുറക്കാമെന്നും പാഴ്‌സൽ വിൽപന ആരംഭിക്കാമെന്നും സർക്കാർ നിർദേശം നൽകിയിട്ടും കണ്ണൂരിൽ ഫലം കണ്ടില്ല. ആകെയുള്ള 384 ഷാപ്പുകളിൽ നൂറെണ്ണത്തിൽ താഴെ മാത്രമാണ് ഇന്നു തുറന്നത്.
അതിലും വിൽപ്പനയ്ക്ക് ലഭ്യമായ കള്ള് പരിമിതമായിരുന്നു. കള്ള്ഷാപ്പുകളുടെ ലേലം തടസപ്പെട്ടതോടെ ഡെയ്ലി മാനേജ്മെന്റ് വ്യവസ്ഥയിൽ അനുവാദം കൊടുത്തതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. 14 ദിവസത്തേക്ക് മാത്രമായി അനുമതി കിട്ടിയതിനാൽ ഒരു വിഭാഗം കോൺട്രാക്ടർമാർ ഏറ്റെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന ലേലം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നിർത്തിയതാണ് പ്രതിസന്ധിയായത്.
കണ്ണൂരിൽ കൂത്തുപറമ്പ്, തലശ്ശേരി മേഖലയിലെ 18 ഷാപ്പുകൾ മാത്രമാണു ലേലം ചെയ്തത്. 79 ഷാപ്പുകൾ എക്‌സൈസ് വകുപ്പ് ഡിപ്പാർട്ട്മെന്റൽ മാനേജ്‌മെന്റ് സംവിധാനം വഴി പഴയ കരാറുകാരെ ഏൽപിച്ചിട്ടുണ്ട്. ഇവയിൽ ചിലതും തുറന്നു. എന്നാൽ, കുലയൊരുക്കി തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ദിനംപ്രതി അളക്കുന്നതിന്റെ മൂന്നിലൊന്നു കള്ളു പോലും ഷാപ്പിൽ എത്തിയില്ല.
നാലായിരം തൊഴിലാളികളാണ് ജില്ലയിൽ കള്ളു ചെത്തിനെ ആശ്രയിച്ച് കഴിയുന്നതെന്ന് ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ പ്രശ്നം പരിഹരിക്കാനാകൂയെന്നാണ് ഇവരുടെ പ്രതീക്ഷ.