logo

കാസർകോട്: കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും ഇന്നലെ കള്ളുചെത്തി കിട്ടാത്തതിനെ തുടർന്ന് കാസർകോട് ജില്ലയിലും ഭൂരിഭാഗം കള്ളുഷാപ്പുകളും അടഞ്ഞുകിടന്നു. ജില്ലയിൽ എല്ലാ റേഞ്ചുകളിലും കൂടി ആകെ തുറന്നത് 20 കള്ളുഷാപ്പുകൾ മാത്രം. പുതിയ തെങ്ങിൽ നിന്ന് കള്ള് കിട്ടാത്തതും ഷാപ്പുകൾക്ക് ലൈസൻസ് നൽകുന്ന നടപടി വൈകിയതുമാണ് ഷാപ്പുകൾ തുറക്കുന്നത് പ്രതിസന്ധിയിലാക്കിയത്.

കള്ളുഷാപ്പുകൾ തുറക്കാമെന്നും കള്ള് ചെത്ത് തുടങ്ങാമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ലേലം കഴിഞ്ഞിരുന്ന കാസർകോട് ജില്ലയിൽ വൃക്ഷക്കരം എടുക്കാൻ വൈകിയിരുന്നു. തെങ്ങൊന്നിന് 30 രൂപ വീതം കരം അടച്ചാൽ മാത്രമേ ചെത്ത് തൊഴിലാളികൾക്ക് പുതിയ തെങ്ങിൽ ചെത്താൻ കഴിയുകയുള്ളൂ. ഈ നടപടിക്രമം വൈകിയതിനാൽ ചെത്താൻ മാട്ടുപാഞ്ഞി കമിഴ്ത്തിയ പ്രദേശങ്ങളിൽ തൊഴിലാളികൾക്ക് കള്ള് കിട്ടി തുടങ്ങിയിട്ടില്ല. ലേലം കഴിഞ്ഞ് ഷോപ്പുകൾക്ക് ലൈസൻസ് നൽകുന്ന നടപടിയിലും ലോക്ക് ഡൗണിനെ തുടർന്ന് മെല്ലെപ്പോക്കുണ്ടായി. കള്ളില്ലാതെ ഷാപ്പുകൾ തുറന്നിട്ടത് കൊണ്ട് എന്ത് പ്രയോജനം. ചുരുങ്ങിയ അളവിൽ കള്ള് ശേഖരിച്ച് ഷാപ്പ് തുറന്നാൽ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും കള്ള് കിട്ടാത്ത ദേഷ്യം സംഘർഷത്തിനും കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഷാപ്പുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ഇന്നലെ നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള, ബദിയടുക്ക റേഞ്ചുകളിലാണ് ഏതാനും ഷാപ്പുകൾ തുറന്നത്.

കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ രാവിലെ മുതൽ ഉടമകളുമായി ബന്ധപ്പെട്ടിരുന്നു. ഷാപ്പുകൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉടമ പി.ടി ലാലു ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തി.

നഷ്ട കച്ചവടമാകും

മാർഗരേഖ അനുസരിച്ചു പാർസൽ മാത്രം കൊടുക്കാനാണ് അനുവാദം. ഷാപ്പിൽ ഭക്ഷണം നൽകുന്നത് പാടില്ലെന്നാണ് നിർദ്ദേശം. പാർസൽ മാത്രം കൊടുക്കാൻ ഷാപ്പ് തുറക്കുന്നത് വലിയ നഷ്ടമാകുമെന്നും ഉടമകൾ പറയുന്നു.

പൂർണമായ അളവിൽ കള്ളുചെത്തി കിട്ടാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും.

പി.ടി ലാലു, കള്ളുഷാപ്പ് ഉടമ