കണ്ണൂർ: മത്സ്യബന്ധനത്തിനായി കണ്ണൂരിലെത്തി കുടുങ്ങിപ്പോയ മത്സ്യ തൊഴിലാളികൾക്ക് ഒടുവിൽ ശാപമോക്ഷം. തമിഴ്നാട് രാമേശ്വരത്ത് നിന്നും കണ്ണൂർ അഴീക്കലിലെത്തിയ 56 പേരെ ഒടുവിൽ കേരള-തമിഴ്നാട് സർക്കാരുകൾ ഇടപെട്ട് നാട്ടിലേക്ക് അയച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് രണ്ട് ബസുകളിലായി ഇവരെ അയച്ചത്. രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപേ മൂന്ന് ബോട്ടുകളിലായാണ് ഇവർ കണ്ണൂരിലെത്തിയത്. രണ്ടാഴ്ച കടലിൽ തങ്ങി മീൻ പിടിച്ചെത്തിയതോടെ ഇവർ കുടുങ്ങി. ഉടമ നൽകിയ ഭക്ഷണം കഴിച്ച് ഹാർബറിൽ തങ്ങിയെങ്കിലും ലോക്ക് ഡൗൺ അനന്തമായി നീണ്ടതോടെ ദുരിതമായി. വീട്ടുകാർ വിളി തുടങ്ങിയതോടെ ഇവർ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിലാണ് നാട്ടിലേക്ക് മടങ്ങാൻ വഴി തെളിഞ്ഞത്.
വാളയാർ വരെ കേരള സർക്കാരും ഇവിടെ നിന്ന് രാമേശ്വരം വരെയുള്ള യാത്രയ്ക്ക് തമിഴ്നാട് സർക്കാരും പാസ് അനുവദിച്ചിട്ടുണ്ട്. പാലക്കാട്-മധുര വഴി പുലർച്ചെയോടെ ഇവർ ജന്മനാട്ടിലെത്തും. ആരോഗ്യ വകുപ്പിന്റെ പരിശോധനകളെല്ലാം പൂർത്തിയാക്കിയാണ് ഇവർ പോകുന്നത്. ബസുകൾ കേരളത്തിൽ തിരിച്ചെത്തിയാൽ ഡ്രൈവർമാരും ക്വാറന്റൈനിൽ പോകേണ്ടി വരും.