മാഹി: മയ്യഴിപ്പുഴയിൽ അഴിയൂർ ഭാഗത്ത് നിർമ്മിച്ച ബണ്ട് രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് നീക്കം ചെയ്യുന്നു. മഴക്കാലം വരുന്നതിനു മുമ്പ് തലശ്ശേരി- മാഹി ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴയിൽ നിർമ്മിച്ച ബണ്ടാണ് പൊളിക്കുന്നത്. ബണ്ട് പുഴയുടെ ഒഴുക്കിനെ സാരമായി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ പ്രളയത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകൾ വെള്ളത്തിലായിരുന്നു.
മഴ വരുന്നതിനുമുമ്പ് മൂന്ന് -നാല് തൂണുകൾക്കിടയിലുള്ള ബണ്ട് പൊളിച്ച് മണ്ണ് നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കും. നിർമ്മാണ കമ്പനിക്കാരാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ആർ.ഡി.ഒ വി.പി അബ്ദുറഹ്മാൻ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയത് അശാസ്ത്രീയമായ ബണ്ട് നിർമ്മാണം കാരണമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, വാർഡ് അംഗം സുകുമാരൻ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി റെനീഷ് കുമാർ സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിനുശേഷം സൈന്യത്തെ ഉപയോഗിച്ച് ബണ്ട് പൊളിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്ക് ബണ്ടിലെ മണ്ണ് നീക്കം ചെയ്യുമെന്ന് നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ ഉറപ്പുനൽകി
ഡ്രൈനേജിന്റെ കാര്യത്തിലും തീരുമാനം
മാഹി ബൈപാസ് നിർമാണത്തിൽ ഡ്രൈനേജ് തകർന്നതും നാട്ടുകാർ ആർ.ഡി.ഒ വിനു മുന്നിൽ വിവരിച്ചു. നടപടിയെടുക്കുമെന്ന് നാട്ടുകാർക്ക് ആർ.ഡി.ഒ ഉറപ്പുനൽകി.