കണ്ണൂരിൽ വിമാനത്താവളം വേണമെന്നത് ഒരു പാട് മഹാരഥന്മാരുടെ സ്വപ്നമായിരുന്നു. കോഴിക്കോട് എയർപോർട്ടുള്ളപ്പോൾ കണ്ണൂരിന് പ്രത്യേകിച്ച് ഒരു വിമാനത്താവളം വേണമോ എന്നു ചോദിച്ച വലിയൊരു വിഭാഗവും ഇവിടെയുണ്ടായിരുന്നു. എന്നാൽ മൂന്നു പതിറ്റാണ്ട് കാലത്തെ സ്വപ്നം യാഥാർഥ്യമായപ്പോൾ വിമാനത്താവളം ഇത്രയൊക്കെ മതിയോ എന്നൊരു ചോദ്യം അവശേഷിപ്പിക്കുന്നു. കമ്പിത്തൂണിനു പോലും രാഷ്ട്രീയമുള്ള കണ്ണൂരിൽ വിമാനത്താവളത്തിന്റെ അവകാശികളായി മത്സരിക്കാനും നിരവധി എട്ടുകാലി മമ്മൂഞ്ഞുമാരുമുണ്ടായിരുന്നു. ഒന്നും ചെയ്തില്ലെങ്കിലും പാരവെയ്ക്കാതിരുന്നാൽ മതിയെന്നാണ് കണ്ണൂരുകാരുടെ പ്രാർഥന.
കൊവിഡ് എന്ന മഹാമാരി പടരുമ്പോഴും രാഷ്ട്രീയം കളിക്കാൻ തന്നെയാണ് ചിലർ ഒരുങ്ങിപ്പുറപ്പെട്ടത്. കൊച്ചിയിലും കോഴിക്കോടും പ്രവാസികളെയും കൊണ്ട് വിമാനമിറങ്ങുമ്പോൾ കണ്ണൂരിന്റെ ആകാശം കാലിയായിരുന്നു. കണ്ണൂരിൽ വിമാനത്താവളമുള്ളത് പലരും ബോധപൂർവ്വം വിസ്മരിക്കുകയായിരുന്നു. ഒടുവിൽ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്രം വഴങ്ങിയപ്പോൾ പ്രവാസികളെ കൊണ്ടുവരാനുള്ള സൗഭാഗ്യം വൈകി കണ്ണൂരിന് ലഭിച്ചു.. ഇത്രയും പറയേണ്ടി വന്നത് ഇതിൽ എന്തൊക്കൊയൊ ചീഞ്ഞു നാറുന്നുവെന്ന സത്യം പറയാനാണ്..
മലബാറിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കണ്ണിൽ കുത്തി 'അകമഴിഞ്ഞ് ' സഹായിക്കുന്ന ചിലരുണ്ട് നമ്മുടെ കൂട്ടത്തിൽ തന്നെ. കണ്ണൂർ വിമാനത്താവളത്തോടുള്ള ചിലരുടെ ചിറ്റമ്മ നയം കാണുമ്പോൾ അത് പറയാതെ വയ്യ. ഏറെ
പ്രതീക്ഷയോടെ കണ്ണൂരിൽ പിറവി കൊണ്ട വിമാനത്താവളത്തോട് ചിലർ കാണിക്കുന്നത് ചിറ്റമ്മനയം തന്നെ. ഒന്നും അറിഞ്ഞു ചെയ്യുകയുമില്ല. കിട്ടാനുള്ളതിന് പാര വയ്ക്കുകയും ചെയ്യും.
വിമാനം പറന്നു തുടങ്ങി ഒന്നര വർഷം പൂർത്തിയായെങ്കിലും പ്രതീക്ഷിത വളർച്ചയുടെ കടയ്ക്കൽ ഇടയ്ക്കിടെ കോടാലി വീഴുന്ന ശബ്ദം വ്യക്തമാണ്. ഏറ്റവുമൊടുവിൽ ഈ കൊവിഡ് കാലത്താണ് അത് വീണ്ടും അനുഭവവേദ്യമായത്. പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ കണ്ണൂരിന് ശരിക്കും ഉറക്കെ കരയേണ്ടി വന്നു. നോർക്ക വഴി രജിസ്റ്റർ ചെയ്ത 69000 മലയാളികളും കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തണമെന്ന താല്പര്യം പ്രകടിപ്പിച്ചിട്ടും ആദ്യഘട്ടത്തിൽ കണ്ണുരിനെ പരിഗണിക്കാത്ത സമീപനം അധികൃതരിൽ നിന്നുണ്ടായത് ചിറ്റമ്മ നയത്തിന്റെ തെളിവ് തന്നെ.
കണ്ണൂരിൽ വളരുന്ന എന്തിനോടും ഒരു രാഷ്ട്രീയ കള്ളനോട്ടം സ്വാഭാവികമാണ്. ആരാദ്യം ആരാദ്യം എന്ന മട്ടിൽ വിമാന താവളത്തിൽ ആദ്യം ഇറങ്ങുന്നതിന്റെ ക്രെഡിറ്റ് വസൂലാക്കാൻ വേണ്ടി നടന്ന ചില്ലറ തിരിട്ടുതരികിട കളികൾ ഉദ്ഘാടനത്തിനു മുമ്പേ തന്നെ നമ്മൾ കണ്ടതാണ്. കണ്ണൂരിലെ ഈ കുട്ടി അങ്ങനെയങ്ങ് വളരേണ്ട എന്ന കെറുവ്. ഇടയ്ക്കിടെ പണി കൊടുക്കാൻ കരുതിയിരിക്കുന്ന ചിലരുമുണ്ട് എന്നതാണ് ഇവിടെ വിമാനം പറന്നു തുടങ്ങിയ ശേഷമുള്ള പാഠങ്ങളിൽ ചിലത്.
നാൾവഴിയിൽ കണ്ണൂർ വിമാനതാവളം നേരിട്ട പാരകളെ ഇങ്ങനെ അടയാളപ്പെടുത്തുന്നതിൽ തെറ്റില്ല. ഉദ്ഘാടന ഘട്ടം വരെയുള്ള കുത്തിത്തിരിപ്പുകളും ഉദ്ഘാടന ശേഷമുള്ള പാരകളും. ഇന്ത്യയിലെ തന്നെ എല്ലാ സൗകര്യവുമുള്ള ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ അംഗീകരിക്കാൻ പലർക്കും ഇനിയും മനസ്സു വരുന്നില്ല എന്ന വാസ്തവവുമുണ്ട്. ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കണ്ണൂരിന് ഇനിയും അർഹമായ ഇടം നൽകിയിട്ടില്ല. അത് നേടിക്കൊടുക്കാൻ പണിയെടുക്കേണ്ട ചിലരുണ്ട്.
കോടിക്കണക്കിന് രൂപ നിത്യച്ചെലവു വരുന്ന കണ്ണൂർ വിമാനത്താവളം പ്രതീക്ഷിക്കുന്ന രീതിയിലേക്ക് വളർത്തിയെടുക്കണമെങ്കിൽ വിദേശ കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി ലഭിക്കേണ്ടതുണ്ട്. പറക്കൽ തുടങ്ങി 9 മാസം കൊണ്ടു തന്നെ പത്തുലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. ഏറ്റവുമൊടുവിൽ ഏറെ നിലവിളിച്ചിട്ടാണെങ്കിലും കാർഗോ സർവ്വീസിന് അനുമതി കനിഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസം .
വലിയ വിമാനത്താവളം എന്നതുകൊണ്ടു മാത്രമല്ല, പാരകളുടെ ശല്യം. തൊട്ടടുത്ത സംസ്ഥാനങ്ങളുടെ ടൗൺഷിപ്പുകളെ വെല്ലുന്ന ടൗൺഷിപ്പിന്റെ അതിവേഗ വളർച്ചയും ആരൊക്കെയോ ഭയക്കുന്നുണ്ട്. കണ്ണൂരിന്റെ ഏറ്റവും വലിയ കൈയിലിരിപ്പ് എന്നു പറഞ്ഞാൽ പൈതൃകസമ്പത്തു തന്നെയാണ്. ഗ്രാമീണ ചേരുവകളാണ്. രാജ്യാന്തര തലത്തിൽ കൊടുക്കൽ വാങ്ങലുകളുടെ നൈരന്തര്യത്തിന് വിമാനതാവളം വേദിയാകുമ്പോൾ കണ്ണൂർ വാനംമുട്ടെ ഉയരും. അത് പാടില്ല എന്നു വിചാരിക്കുന്നത് ഒരു തെറ്റാ? .... എന്നതാണ് ചിലരുടെ ചേതോവികാരം.
വി.തുളസിദാസ്
കിയാൽ എം..ഡി
വിദേശ വിമാനകമ്പനികൾക്കുള്ള അനുമതി ലഭിച്ചാൽ മാത്രമെ കണ്ണൂർ വിമാനത്താവളം ലാഭത്തിലെത്താൻ കഴിയുള്ളൂ. നഷ്ടത്തിലായ എയർപോർട്ടിന് കൊവിഡ് കൂടി വന്നതോടെ സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചു. ഇതിനെ മറികടക്കാൻ പുതിയ സർവ്വീസുകൾ വന്നേ തീരൂ.