കൂത്തുപറമ്പ്: കള്ളുഷാപ്പുകൾ തുറക്കുന്നതിന് അനുമതിയായെങ്കിലും ചുരുങ്ങിയ ദിവസത്തിനകം ഉത്പാദനം പുനരാരംഭിക്കാനാവാത്തത് കള്ള് ചെത്ത് മേഖലയ്ക്ക് തിരിച്ചടിയായി. കണ്ണൂർ ജില്ലയിലും ചുരുക്കം കള്ള് ഷാപ്പുകൾക്ക് മാത്രമേ സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ ആദ്യ ദിവസം തുറക്കാനായുള്ളൂ. അൻപത് ദിവസം മുൻപ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഭൂരിഭാഗം തൊഴിലാളികളും കള്ള് ചെത്ത് ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് ഷാപ്പുകൾ അടച്ചതോടൊപ്പം തൊഴിലാളികൾ തെങ്ങിൻ കുലകളും അഴിച്ചിരുന്നു.
വീണ്ടും കള്ള് ഉത്പാതനം പുനരാരംഭിക്കണമെങ്കിൽ രണ്ടാഴ്ചയിലേറെ സമയം ആവശ്യമാണ്. ഇത്രയും സമയം ലഭിക്കാതെ കള്ള് ഷാപ്പുകൾ തുറക്കാനുള്ള തീരുമാനമാണ് തൊഴിലാളികൾക്ക് വിനയായത്. കൂത്തുപറമ്പ് മേഖലയിൽ നാമമാത്രമായ ഷാപ്പുകൾ മാത്രമേ തുറന്നുള്ളു. കടുത്ത ചൂടിൽ തെങ്ങുകൾക്ക് ക്ഷതം സംഭവിക്കുന്നതും ഉത്പാദനം വൈകാൻ ഇടയാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ലേലംചെയ്തതും എക്സൈസ് മാനേജ്മെന്റ് സംവിധാനം വഴി പഴയകരാറുകാരെ ഏല്പിച്ചതുമുൾപ്പെടെ 97 ഷാപ്പുകൾക്കുമായിരുന്നു തുറക്കാനാവുക.