കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് ആദ്യ വാരത്തിൽ ഗൾഫ് നാടുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ തിരിച്ചെത്തിയവരിൽ സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 618 പേർ. ഇതിൽ 191 പേർ ഗൾഫ് പ്രവാസികളും 427 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. വിദേശത്തു നിന്നെത്തിയ മൂന്നു പേർ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1275 പേരും ഉൾപ്പെടെ ആകെ 1410 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
കണ്ണൂർ കോർപറേഷൻ, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികൾ നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള കെയർ സെന്ററുകളിലുമാണുള്ളത്. കൊറോണ കെയർ സെന്ററിൽ കഴിയുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. അവർക്ക് വേണ്ട ഭക്ഷണം ഇവർ എത്തിച്ചു നൽകും. താമസിക്കുന്ന മുറി അവർ സ്വയം വൃത്തിയാക്കണം. അതിനു വേണ്ട സാധനങ്ങൾ മുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. താമസ സ്ഥലത്തെ വരാന്തയും പരിസരവും ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആശുപത്രികളിലേക്ക് മാറ്റും. പൊലീസിന്റെ നിരീക്ഷണവും ഇവിടെ ഉറപ്പാക്കുന്നുണ്ട്.