പാപ്പിനിശ്ശേരി: പഞ്ചായത്തിൽ അറബി കോളേജിന് സമീപത്തെ വീട്ടിലെ വളർത്തുനായ പേ പിടിച്ച് ചത്തതിനെതുടർന്ന് പരിസരവാസികൾ ഭീതിയിലായി. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ ശേഷം ചത്ത വളർത്തുനായയെ ജില്ലാ മൃഗാശുപത്രി വെറ്റിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് പരിസരത്തെ 16 ഓളം പേർ പാപ്പിനിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് വിധേയരായി.
ഇതേസമയം പരിസരങ്ങളിൽ അടുത്ത ദിവസങ്ങളിലായി ഒരു പോത്തും, ഒരു തെരുവ് നായയും ചത്തതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പാപ്പിനിശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ ലോക്ഡൗണിനെ തുടർന്ന് നിശ്ചലമായ നിരത്തുകളിൽ കൂടി അലഞ്ഞ് തിരിയുന്ന നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാവുകയാണ്.
പാപ്പിനിശ്ശേരിയിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ആരംഭിച്ചതോടെ അറവ് മാലിന്യങ്ങളും, ഹോട്ടൽ മാലിന്യങ്ങളും ലഭിക്കാത്തതിനാൽ നായകൾ കൂട്ടമായും, ഒറ്റതിരിഞ്ഞും അലയുകയാണ്. ഈ സാഹചര്യത്തിൽ
മറ്റ് വളർത്ത് മൃഗങ്ങളിലേക്ക് പേ പകർന്നിട്ടുണ്ടോ എന്ന ആശങ്കയും ജനങ്ങളെ ഭീതിയിലാക്കുന്നു.
അതേ സമയം പേ ബാധയെ തുടർന്ന് വളർത്ത് നായ ചത്ത പരിസരങ്ങളിൽ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നേതൃത്വം നൽകിക്കൊണ്ട് കർശ്ശന പരിശോധന ആരംഭിച്ചു.