കാസർകോട്: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി കൂടുതൽ തുക നൽകിയിട്ടും വിതരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു. നീലേശ്വരം, ചെറുവത്തൂർ, പിലിക്കോട് പഞ്ചായത്തുകളിൽ ഭൂമി വിട്ടുകൊടുത്തവരാണ് നഷ്ടപരിഹാരം കിട്ടാൻ കാത്തിരിക്കുന്നത്. രേഖകൾ കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും തുക നൽകിയില്ല. ചെറുവത്തൂർ പഞ്ചായത്തിൽ വീട് വിട്ടുകൊടുത്തവർ പണം കിട്ടാതെ വഴിയാധാരമായി. നിരവധി തവണ സ്ഥലം ഉടമകൾ കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും ഓഫീസുകൾ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല.
ദേശീയ പാത വികസനത്തിന് മാർച്ചിൽ 63.54 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചിരുന്നു. ജില്ലയിൽ നഷ്ടപരിഹാരം നൽകാൻ ഇതുവരെ 624.96 കോടി രൂപ ലഭിച്ചു. ഇതിൽ 421.64 കോടി ഭൂവുടമകൾക്ക് കൈമാറിയെന്നും രേഖകൾ പൂർണമല്ലാത്തതിനാലും കോടതിയിൽ കേസുള്ളതിനാലും 35.35 കോടി രൂപ മാറ്റിവച്ചിരിക്കുകയാണെന്നുമാണ് അധികൃതർ പറയുന്നത് . ബാക്കിയുള്ള 167.96 കോടി രൂപ രേഖകൾ ഹാജരാക്കി നടപടിക്രമം പൂർത്തിയാകുന്ന മുറയ്‌ക്ക് കൈമാറുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ലോക്ക് ഡൗൺ കാരണം രണ്ട് മാസമായി ഇതിന്റെ പ്രവർത്തനം പൂർണ്ണമായും മുടങ്ങി കിടക്കുകയാണ്. തലപ്പാടി - ചെങ്കള റീച്ചിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതി അംഗീകാരം നൽകിയതോടെ ബാക്കിയുള്ള തുക വേഗത്തിൽ ലഭ്യമാകും. നഷ്ടപരിഹാരത്തിൽ 25 ശതമാനം സംസ്ഥാന സർക്കാരാണ് നൽകുക. 39 കി. മീ വരുന്ന താലപ്പാടി, ചെങ്കള റീച്ചിന് 44 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 683.9 കോടി രൂപ നഷ്ടപരിഹാരമായി നൽകും. ഇതിൽ 312.16 കോടി രൂപ അനവദിച്ചു. 179.37 കോടി രൂപ ഭൂവുടമകൾക്ക് കൈമാറി.
ചെങ്കള–- നീലേശ്വരം പള്ളിക്കര മേൽപാലം വരെയുള്ള 37 കിലോമീറ്റർ റോഡിനായി 42 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. 253.33 കോടി രൂപ അനുവദിച്ചു. 185.97 കോടി ഭൂവുടമകൾക്ക് കൈമാറി. നീലേശ്വരം റെയിൽവേ മേൽപാലത്തിന് ലഭിച്ച 17.97 കോടി രൂപയും ഭൂവുടമകൾക്ക് നൽകിക്കഴിഞ്ഞു. 780 മീറ്റർ വരുന്ന മേൽപാലം നിർമാണം പുരോഗമിക്കുന്നു. 82 കോടി രൂപയാണ‌് നിർമാണ ചെലവ‌്. നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കി. മീ റോഡ‌് വികസനം കണ്ണൂർ ഭാഗത്തിലാണ‌് നടക്കുക. നഷ്ടപരിഹാരമായി ലഭിച്ച 41.49 കോടിയിൽ 38.31 കോടിയും ഭൂവുടമകൾക്ക് കൈമാറിയെന്ന് പറയുന്നു. പക്ഷെ കിട്ടാതെ ആളുകൾ ഇവിടെ കഷ്ടപ്പെടുകയാണ്. ഭൂമിക്ക് കൂടിയ വില നിശ്ചയിച്ചുവെന്ന് കാണിച്ച് കാസർകോട്, കാഞ്ഞങ്ങാട്, അടുക്കത്ത് ബയൽ വില്ലേജുകളിലെ ചില ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ദേശീയപാത അതോറിറ്റി തടഞ്ഞിരിക്കുകയാണ്. വില നിർണയം പൂർത്തിയായ കാഞ്ഞങ്ങാട് വില്ലേജിലെ ഭൂവുടമകൾക്ക് നൽകാനുള്ള 22.65 കോടി രൂപ അനുവദിച്ചെങ്കിലും കൈമാറാൻ സമ്മതിച്ചില്ല.