കാസർകോട്: അതിർത്തി കടക്കുന്നവരെ പരിശോധിക്കാൻ ഡോക്ടറും ആരോഗ്യവകുപ്പ് ജീവനക്കാരും തലപ്പാടിയിൽ റെഡിയാണ്. എന്നാൽ ഏത് രോഗിക്കും പാസുണ്ടെങ്കിൽ അതിർത്തി കടക്കാം എന്നതാണ് ഇവിടത്തെ സ്ഥിതി. പക്ഷേ പരിശോധന നാമമാത്രം ആണെന്ന ആരോപണം ശക്തമായി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആർ.ടി.ഒ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. രോഗ ലക്ഷണമുള്ളവരാണോ എന്നറിയാൻ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിക്കുന്നില്ല.
പാസ് കാണിക്കാൻ കൗണ്ടറിൽ എത്തുന്ന ഡ്രൈവറെയോ ടീമിന്റെ ക്യാപറ്റനെയോ മാത്രമേ മെഡിക്കൽ ചെക്കപ്പ് ചെയ്യുന്നുള്ളൂ. സമർഥരായ യാത്രക്കാർ നാട്ടിലെത്താനുള്ള ഓട്ടത്തിൽ മംഗളൂരുവിൽ നിന്ന് പനിക്കുള്ള പാരസെറ്റമോൾ ഗുളിക കഴിച്ചാണ് എത്തുന്നത്. അതിനാൽ അതിർത്തിയിലെത്തുന്ന സമയത്ത് ഇവർക്ക് പനിയോ മറ്റോ കാണില്ല. വിവിധ സംസ്ഥാനങ്ങളിലെ പാസ് മാത്രമാണ് പരിശോധകർക്ക് നിർബന്ധമുള്ളത്. പനിയോ മറ്റോ ഉണ്ടെങ്കിൽ നാട്ടിൽ പോയി പരിശോധിക്കണമെന്നാണ് ഇവിടെയുള്ളവർ പറയുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. ഇവരെയൊക്കെ പരിശോധന നടത്തി കടത്തിവിടാൻ സമയവുമില്ല.
രോഗം ഏറ്റവും കൂടുതൽ പടരുന്ന മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവരാണ് ഏറെയുമെന്ന് ഹെൽപ് ഡെസ്‌കിലുള്ളവർ പറയുന്നു. കാസർകോട് കൊവിഡ് സ്ഥിരീകരിച്ച ആൾ ലോറിയിലാണ് തലപ്പാടിയിലെത്തിയത്. അപ്പോൾ തന്നെ രോഗ ലക്ഷണമുണ്ടായിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ ഇയാൾ പെട്ടിരുന്നില്ല. നാട്ടിലെത്തി ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊവിഡ് സ്ഥിരീകരണം ലഭിക്കുന്നത്. മുംബൈയിൽ നിന്ന് അടുത്തിടെ എത്തി രോഗം സ്ഥിരീകരിച്ച നാല് പേരും തലപ്പാടി അതിർത്തി കടന്നാണ് കുമ്പളയിലും മംഗൽപാടിയിലും പൈവളികെയിലും എത്തിയത്. അത് കൊണ്ട് തന്നെ അതിർത്തിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.