pic

തലശ്ശേരി: ചൊക്ലിയിൽ കവിയൂരിൽ ക്യാമ്പ് ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് വഴിയിൽ തടഞ്ഞ് ക്യാമ്പിലേക്ക് തന്നെ തിരിച്ചയച്ചു. ചൊക്ളിയിൽ നിന്ന് കാൽനടയായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ട സംഘത്തെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും സംഘവും തലശ്ശേരിയിൽ വച്ച് പിടികൂടിയത്. സംഘത്തിൽ 30 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു സമീപത്ത് വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്.

ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കായി ബിഹാർ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരെ കേരളത്തിൽ എത്തിച്ചത്. കവിയൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് കുറച്ചുദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും കയ്യിൽ പണമില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് ആരോ പറഞ്ഞതിന്റ അടിസ്ഥാനത്തിലാണ് സംഘം വസ്ത്രങ്ങളടങ്ങിയ ബാഗുകളുമായി പുറപ്പെട്ടത്. തൊഴിലാളികൾക്ക് താമസസ്ഥലത്ത് കൃത്യമായി ഭക്ഷണം എത്തിച്ചു നൽകാറുണ്ടെന്നും ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി എസ്. ഷാജി അറിയിച്ചു.