സ്റ്റോക്ക്ഹോം: പ്രശ്നങ്ങളെ കൃത്യമായി മനസിലാക്കാത്ത ഒരു ഭരണകൂടം എന്തൊക്കെ ദുരന്തങ്ങൾ ഉണ്ടാക്കുമെന്നതിന്റെ മാതൃകയാണ് സ്വീഡൻ. കൊവിഡ് കാലത്തെ അമിത ആത്മവിശ്വാസം ജനങ്ങളുടെ ജീവൻ ആപത്തിലാക്കിയതിന് ഇപ്പോൾ ഇവിടത്തെ സർക്കാർ പഴി കേൾക്കേണ്ടി വരികയാണ്. കേരളത്തിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുണ്ടായിട്ടും ആയിരമിരട്ടിയിലേറെ ജനങ്ങളുടെ ജീവനാണ് അധികാരികളുടെ ജാഗ്രത കുറവ് കാരണം ബലി കൊടുക്കേണ്ടി വന്നത്.
കൊവിഡിനെ നേരിടാൻ ലോക്ക്ഡൗൺ ആവശ്യമില്ലെന്നായിരുന്നു സ്‌കാൻഡിനേവിയൻ രാഷ്ട്രമായ സ്വീഡന്റെ നിലപാട്. ഇതിന്റെ പ്രത്യാഘാതമായി ഇന്നലെ മാത്രം 147 മരണങ്ങൾ രേഖപ്പെടുത്തി. ഒരു കോടി ജനങ്ങളിൽ 27,909 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനിടെ മരണങ്ങൾ 3,460 ആയി ഉയർന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കിയാൽ കേരളത്തിന്റെ മൂവായിരം ഇരട്ടിയാണ് കൊവിഡ് വ്യാപന മരണ നിരക്ക്.
രോഗ വ്യാപനം തുടരുന്നതോടെ മുതിർന്ന പൗരന്മാരെ രക്ഷിക്കാൻ 10,000 കെയറർമാരെ അധികമായി നിയമിക്കാൻ സ്വീഡനിലെ സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ, ഇത് ഒരു മാറ്റവും ഉണ്ടാക്കിയില്ല. നാല് ദിവസം മുൻപ് 348 കേസുകളും 5 മരണങ്ങളും മാത്രം ഉണ്ടായിരുന്നെങ്കിൽ പിന്നീടത് കുതിച്ചുയരുകയായിരുന്നു. ഇതോടെ 10,000 നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും കെയറർമാരേയും സ്ഥിരമായി നിയമിക്കാനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ നടന്ന കൊവിഡ് മരണങ്ങളിൽ പകുതിയും നടന്നത് കെയർ ഹോമുകളിലാണ്. രാജ്യത്തെ കെയർ ഹോമുകളുടെ ദുരവസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. സർക്കാരിന്റെ കഴിവുകേടിനെതിരെ ഉയരുന്ന അതൃപ്തി രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്നും സൂചനകളുണ്ട്.