covid-19

ലണ്ടൻ: ഭക്ഷണത്തിന് വകയില്ലാതെ ജന്മനാട്ടിലേക്ക് പോകുകയും, വഴിമദ്ധ്യേ ട്രാക്കിലുറങ്ങിയ തൊഴിലാളികൾ ട്രെയിനിടിച്ച് മരിക്കുകയും ചെയ്ത സംഭവം ഇന്ത്യയെ നടുക്കിയിരുന്നു. എന്നാൽ ബ്രിട്ടണിലും മറ്റുമൊക്കെ സർക്കാർ, തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ കേട്ടാൽ ആരുമൊന്ന് അമ്പരക്കും. ഓരോ മാസവും 2500 പൗണ്ട് വീതമാണ് ഇവർ നൽകുന്നത്. ഇത് ഇന്ത്യൻ രൂപയിലെ മൂല്യം 2.30 ലക്ഷം രൂപയിലേറെ വരും.

കൊവിഡ് ബാധിച്ച് ജോലി പോയവർക്കുള്ള സർക്കാരിന്റെ ഈ സഹായം ഒക്ടോബർ വരെ നീട്ടാനാണ് ഇപ്പോഴത്തെ ആലോചന. സ്വകാര്യ കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നത് ഒഴിവാക്കാൻ ഉടമകൾ ശമ്പളത്തിൻ്റെ ഒരു വിഹിതം നൽകേണ്ടി വരും. 14 ബില്ല്യൺ പൗണ്ടാണ് ഇതിനായി ഒരു മാസം സർക്കാർ ചിലവഴിക്കുക. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബ്രിട്ടണിലാണ്. മുപ്പതിനായിരത്തിന് മുകളിലാണ് ഇവിടെ മരണം സംഭവിച്ചത്.

യൂറോപ്പിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രത കൂടിയ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. നഗരങ്ങളിലെ ജനസാന്ദ്രതയും വളരെ കൂടുതലാണ്. യുകെയിലെ നാല് നഗരങ്ങളിൽ ജനസംഖ്യ 10 ലക്ഷത്തിന് മുകളിലാണ്. ലണ്ടൻ, ഗ്രേറ്റർ മാഞ്ചസ്റ്റർ, മെട്രോപോളിറ്റൻ ഗ്ലാസ്‌ഗോ, ബെർമ്മിങ്ങാം എന്നിവിടങ്ങളിലാണ് ജനസംഖ്യ 10 ലക്ഷത്തിന് മുകളിലുള്ളത്. യുകെയിലെ നഗരങ്ങളിലാണ് മരണനിരക്ക് കൂടുതൽ. ഇതിൽ തന്നെ രാജ്യതലസ്ഥാനമായ ലണ്ടനെയാണ് കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് ഓഗസ്റ്റ് മുതൽ ഭാഗികമായി തൊഴിൽ രംഗം പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ കാൽ ഭാഗം രോഗികൾ ഉള്ള ലണ്ടൻ ലോക വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്. ലോകത്ത് സഞ്ചാരികൾ ഏറെയെത്തുന്ന നഗരം കൂടിയാണിത്. യാത്രാ നിയന്ത്രണങ്ങൾക്കിടയിൽ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദിവസം പതിനായിരത്തിലധികം പേർ ബ്രിട്ടണിലെത്തുന്നുണ്ട്.