ന്യൂയോർക്ക്: ലോക്ക് ഡൗണിന് ശേഷം സമൂഹത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം. ജീവിത നിലവാരമെല്ലാം മാറി മറിയുന്നത് ജനങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറാസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഞെട്ടിക്കുന്ന നിരീക്ഷണം. കൊവിഡ് ദുരന്തത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരായിരിക്കും മാനസിക സംഘർഷം വലിയ തോതിൽ അനുഭവിക്കേണ്ടി വരിക. മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്ഥമായിരിക്കില്ല. മഹാമാരിയെ തുടർന്നുള്ള ആദ്യമാസങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും ഇത് പതിയെ മാനസിക പ്രശ്നങ്ങളിലേക്ക് മാറും.
ആരോഗ്യപ്രവർത്തകരിലെ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും യു.എൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളിൽ പോകാനാകാതെ വീടുകളിൽ തന്നെ ഇരിക്കേണ്ടി വരുന്നത് കുട്ടികളുടെ സ്വഭാവ വൈകല്യത്തിനും കാരണമാകും. രക്ഷിതാക്കൾ ഇതിൽ ജാഗ്രത പാലിച്ച് കൗൺസിലർമാരുടെ സേവനം തേടേണ്ടി വരും.കുടുംബാംഗങ്ങൾ കൂടുതൽ സമയവും വീടുകളിൽ തന്നെ കഴിയുന്നതോടെ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനവും കൂടും. നേരത്തെ അസുഖങ്ങളുള്ള മുതിർന്ന പൗരന്മാർക്കിടയിൽ കൊവിഡിനെ തുടർന്ന് ഭയം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.