കണ്ണൂർ: സിറ്റി തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് ശരണ്യക്കെതിരായ കുറ്റപത്രം ഈ ആഴ്ച തന്നെ കോടതിയിൽ സമർപ്പിക്കും. സിറ്റി പൊലീസ് അന്വേഷിച്ച കേസിൽ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. കാമുകൻ നിഥിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയായിരിക്കും കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ സമർപ്പിക്കുക.
ശരണ്യയുമായി അടുപ്പമുണ്ടായിരുന്ന വാരം സ്വദേശി നിഥിന് കൊലയിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. നിഥിനെ പ്രേരണാക്കുറ്റത്തിന് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവർ തമ്മിലുള്ള ഫോൺകാൾ രേഖകളും ഫോൺ സന്ദേശങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. ഫെബ്രുവരി 19ന് പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയതും ശരണ്യയെ അറസ്റ്റുചെയ്തതും.