കണ്ണൂർ: കെ.എം.ഷാജി എം.എൽ.എക്കെതിരായ അഴിമതി ആരോപണ കേസിൽ പരാതിക്കാരിൽ നിന്നു വിജിലൻസ് മൊഴിയെടുത്തു. കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കുടുവൻ പദ്മനാഭൻ, മുൻ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ എന്നിവരുടെ മൊഴിയാണ് ഡിവൈ.എസ്.പി. വി.മധുസൂദനൻ രേഖപ്പെടുത്തിയത്.
അഴീക്കോട് എം.എൽഎയായ ഷാജി അവിടത്തെ ഹയർ സെക്കൻഡറി സ്കൂളിന് പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് മാനേജ് മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതി കുടുവൻ പദ്മനാഭനാണ് മുഖ്യമന്ത്രിക്ക് നൽകിയത്. കഴിഞ്ഞ മാസം 18നാണ് എഫ്. ഐ. ആർ സമർപ്പിച്ചത്. പദ്മനാഭന്റെ മൊഴിക്കുശേഷമാണ് നൗഷാദിന്റെ മൊഴിയെടുത്തത്.സ്കൂൾ മാനേജർ അടക്കമുള്ളവരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും.
അന്വേഷണം വേഗം പൂർത്തിയാക്കണമെന്നും വിജിലൻസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാജി പറഞ്ഞു.