ചെറുവത്തൂർ: ചുരുങ്ങിയ വിലയ്ക്ക് മീൻ വാങ്ങാൻ മാർക്കറ്റിൽ എത്തുന്ന ഉപഭോക്താക്കൾ വില കേട്ട് അന്തം വിടുന്നു. മടക്കര ഹാർബറിൽ നിന്ന് സർക്കാർ വിലക്ക് നൽകുന്ന മീൻ പുറത്ത് വിൽക്കുന്നത് കൊള്ളവിലക്കാണ്. 20 ശതമാനം വില കൂട്ടിയേ വിൽക്കാവൂ എന്ന നിർദേശം ഉള്ളപ്പോഴാണ‌് മാർക്കറ്റുകളിൽ കച്ചവടക്കാർ മീനുകൾക്ക‌് ഇരട്ടി വില ഈടാക്കുന്നത‌്. ഹാർബർ തുറന്ന‌് പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ഫിഷറീസ‌് ഡിപാർട‌്മെന്റ‌് അധികാരികൾ, ഹാർബർ മാനേജ‌്മെന്റ‌് കമ്മിറ്റി എന്നിവർ ഹാർബറിലെത്തുന്ന മീനുകൾക്ക‌് തരംതിരിച്ച‌് വില നിശ‌്ചയിച്ചിരുന്നു. എന്നാൽ നിശ‌്ചയിച്ച വിലക്ക‌് വാങ്ങി കൊണ്ടുപോകുന്ന വിൽപനക്കാർ കിട്ടുന്നതിന്റെ ഇരട്ടി വിലയാണ‌് ഉപഭോക്താക്കളോട‌് ഈടാക്കുന്നത‌്. എന്നാൽ ഹാർബറുകളിൽ നിശ‌്ചയിച്ച തുക ഓരോ ദിവസവും മാറുന്ന അവസ്ഥയുമുണ്ട‌്.
കടലിൽ നിന്നും മടക്കര ഹാർബറിൽ എത്തിക്കാതെ നീലേശ്വരം തൈക്കടപ്പുറം എത്തിച്ച‌് ഇടനിലക്കാർ വഴി ലേലം ചെയ‌്തുള്ള വിൽപന ഇപ്പോഴും തുടരുകയാണ‌്. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. വ്യാഴാഴ‌്ച ചെമ്മീൻ 400, നങ്ക‌് 280, അയല 400 എന്നിങ്ങനെയാണ‌് മാർക്കറ്റുകളിൽ ഈടാക്കിയത‌്. കഴിഞ്ഞ ദിവസം മടക്കര ഹാർബറിൽ നിന്നും കിലോക്ക‌് 150 രൂപ തോതിൽ ലഭിച്ച കടൽ ഞണ്ടിന് മാർക്കറ്റിൽ എത്തിച്ചപ്പോൾ 400 രൂപയായിരുന്നു വില ഈടാക്കിയത‌്. ദിവസം കഴിയുന്തോറും വില വർധിക്കുകയാണ‌്.
ലോക്ക‌് ഡൗൺ സമയത്ത‌് പുഴയിൽ നിന്ന‌് മത്സ്യം പിടിച്ച‌് വിൽപന നടത്തുന്നവർ കിലോക്ക‌് 600 രൂപ മുതൽ 1000 രൂപവരെയും ഈടാക്കിയിരുന്നു. ഇതും നിയന്ത്രണമില്ലാതെ തുടരുകയാണ‌്. പുറം മാർക്കറ്റുകളിലും ചില്ലറ വിൽപനക്കാരും മീനുകൾക്ക‌് നിയന്ത്രണമില്ലാതെ വില ഈടാക്കുന്നത‌് തടയാൻ ഒരു നടപടിയും ഇതുവരെയായും സ്വീകരിച്ചിട്ടില്ല.