goa-woman-death

കാസർകോട്: കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ. ഹരീഷിനെ(21) ഗോവയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തീവ്ര സ്വഭാവമുള്ള കേരളത്തിലെ മൂന്ന് സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള യുവതിയുടെ മരണവും സംശയകരമായ സാഹചര്യത്തിലാണ്. റിസോർട്ടിലെ പൂന്തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഗോവ പൊലീസ് എഫ്.ഐ.ആർ ഇട്ടിരുന്നു.

കോഴിക്കോട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തിയ ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയിൽ എത്തിയത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന അഞ്ജന കെ. ഹരീഷിനെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയിൽ മാതാവ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയിൽ നിന്ന് ഇറങ്ങിയത്. പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കൾക്കൊപ്പം കൂടിയെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം.

വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗോവ പൊലീസ്‌ ഹൊസ്ദുർഗ് പൊലീസിനെ അറിയിച്ചത്. മരണവിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ടുള്ള ബന്ധുക്കൾ വെള്ളിയാഴ്ച രാവിലെ ഗോവയിൽ എത്തി. പിതൃ സഹോദരനും സുഹൃത്തുമാണ് ഗോവയിൽ എത്തിയത്. ബന്ധുക്കൾ എത്തുന്ന വിവരം അറിഞ്ഞു നിർത്തിവെച്ച പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ആത്മഹത്യയെന്നാണ് ഗോവ പൊലീസ് പറയുന്നതെങ്കിലും മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ഗോവയിലെ റിസോർട്ടിൽ യുവതിയോടൊപ്പം മൂന്ന് യുവതികളും ഒരു യുവാവും ക്വാറന്റീനിൽ കഴിഞ്ഞിരുന്നതായും വിവരമുണ്ട്. ഇവർ എപ്പോഴാണ് ഗോവയിൽ എത്തിയതെന്ന് വ്യക്തമായിട്ടില്ല.