pic

കാസർകോട്: പത്തു പേർക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ പൊതുപ്രവർത്തക ദമ്പതികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരം എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഭാര്യ ജനപ്രതിനിധിയാണ്. പൈവളികെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിലും സമൂഹ അടുക്കളയിലും ഇവർ സജീവസാന്നിദ്ധ്യമായിരുന്നു എന്നാണ് കണ്ടെത്തിയത്. പൊതുപ്രവർത്തകൻ മൂന്നു തവണയെങ്കിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. പൊതുപ്രവർത്തക ദമ്പതികളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വരെ കണ്ടെത്തുക അസാദ്ധ്യം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ സമ്പർക്ക പട്ടിക ഉണ്ടാക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്. ദമ്പതികളുടെ രണ്ടു കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന പൊതുപവർത്തകനും, കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും വയസുള്ള ആൺകുട്ടികൾക്കും രോഗബാധ ഉണ്ടായി. മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തിരുന്നു . ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പകർന്നത് ഇയാളിൽ നിന്നാണ് . മേയ് 12 ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.

കാസർകോട് മുൻസിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് താമസം. കോട്ടയത്ത്‌ നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി ആണ് അദ്ദേഹം കാസർകോട് എത്തിയത്. ശ്വാസകോശ രോഗത്തെത്തുടർന്ന് ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇദ്ദേഹം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്നു. മേയ് പന്ത്രണ്ടിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കുമ്പള സ്വദേശികളായ 58, 31 വയസ്സുള്ള മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 58 വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രമേഹ രോഗിയും ആയതിനാൽ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയിലുള്ളത് അന്തർ സംസ്ഥാന യാത്രക്കാരിൽ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായാണ് റിപ്പോർട്ടുകൾ.