pic

കാസർകോട്: ജില്ലയിൽ വീണ്ടും കൊവിഡ് 19 പടരുന്ന സൂചനയെ തുടർന്ന് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ പൊലീസ് അതീവ ജാഗ്രതയിൽ. പൊതു പ്രവർത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ക്വാറന്റീനിൽ പോയി. ഇയാൾ മൂന്ന് തവണ കാൻസർ രോഗിയുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ ലാബ്, എക്‌സ്‌റേ റൂം എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തി. ജില്ലാ ആശുപത്രിയിലെ എക്സ്റേ ടെക്‌നീഷ്യനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം കരുതുന്നില്ല. സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടായത് കാരണം പൊതുപ്രവർത്തക ദമ്പതികൾ വ്യാപകമായി ഇറങ്ങി നടന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

പൈവളികെ പഞ്ചായത്ത്‌ ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടുതൽ പേരെ നിരീക്ഷണത്തിൽ ആക്കേണ്ടിവരും എന്നാണ് കരുതുന്നത്. റൂട്ട് മാപ് തയ്യാറാക്കുന്നത് വെല്ലുവിളി ആയിരിക്കുമെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു. പൈവളികെ, മംഗൽപാടി, കുമ്പള പഞ്ചായത്ത് പരിധികൾ ഹോട്ട്സ്പോട്ട് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ഈ ഭാഗങ്ങളിൽ മൈക്ക് പ്രചരണം നടത്തുന്നുണ്ട്. മാസ്ക്ക് ധരിക്കാനും പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും പൊലീസ് വിളിച്ചു പറയുന്നുണ്ട്.