rehna-fathima-

കണ്ണൂർ: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ ബി.എസ്.എൻ.എല്ലിൽ നിന്നും പുറത്താക്കപ്പെട്ടതിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ഥാപനവുമായി ബന്ധമില്ലാത്ത വിഷയത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിലൂടെ സംഘപരിവാർ താത്പര്യമാണ് നടപ്പാക്കിയതെന്ന് ഇവർ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.

ഇതിൽ രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയോ കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തുകയും നിർബന്ധിതമായി പുറത്താക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സംഘപരിവാറിന്റെ ഇടപെടൽ വ്യക്തമാണ്. നിയമത്തിന് അധിഷ്ഠിതമായി പ്രവർത്തിക്കേണ്ടവരാണ് സർക്കാർ ജീവനക്കാർ. പരമോന്നത നീതിപീഠത്തിന്റെ ഒരു വിധിയ്ക്ക് അനുസരിച്ച് പെരുമാറിയതിനെതിരെയാണ് നടപടി. ഇക്കാര്യത്തിൽ അപ്പീൽ നൽകും.

ബി.എസ്.എൻ.എല്ലിനകത്തെ ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യങ്ങളും നടപടിയ്ക്ക് ഇടയാക്കിയെന്ന അഭിപ്രായവും രഹ്നയ്ക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായാൽ സ്വന്തമായ അഭിപ്രായം പറയാത്ത അടിമകളാണെന്നാണ് ചിലരുടെ ധാരണ. 18 മാസത്തെ സസ്പെൻഷൻ കാലത്ത് പലതവണ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിലെല്ലാം അറിയേണ്ടിയിരുന്നത് വ്യക്തിപരമായ കാര്യങ്ങളായിരുന്നു. ജോലി സംബന്ധമായ ഒരു തെറ്റിലും വിശദീകരണം ചോദിച്ചിട്ടുമില്ല.

പിതാവ് മരിച്ച ശേഷം ആശ്രിത നിയമനമായാണ് താൻ ബി.എസ്.എൻ.എല്ലിൽ പ്രവേശിച്ചത്. പ്യൂൺ പോസ്റ്റിൽ നിന്നും ജൂനിയർ എൻജിനീയർ വരെ പരീക്ഷയെഴുതി നേടി. എന്നാൽ ശബരിമല വിവാദത്തിൽ അർഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചു. അഞ്ചാം റാങ്കോടെയാണ് ജൂനിയർ എൻജിനീയറാകാൻ യോഗ്യത തെളിയിച്ചത്. ടെലികോം ടെക്നിഷ്യയായത് നാലാം റാങ്കോടെയാണ്. ഏറ്റവും താഴ്ന്ന പോസ്റ്റിൽ നിന്നും ഉയർന്ന് വരുന്നത് അംഗീകരിക്കാനുള്ള പ്രയാസമാണ് ചിലർക്ക്. സ്ഥാപനത്തിലെ ഇത്തരത്തിലുള്ള പല കാര്യങ്ങളും പുറത്ത് പറയാതിരിക്കാനുള്ള അച്ചടക്കം താൻ പാലിച്ചിട്ടുണ്ട്.

അതേസമയം ഇക്കാര്യത്തിൽ മൗനം പാലിക്കുന്ന ജീവനക്കാരുടെ സംഘടനയെയും രഹ്ന വിമർശിച്ചു. ഏഴു വർഷത്തോളം യൂണിയനുമായി സഹകരിച്ചിട്ടും ആരും ബന്ധപ്പെട്ടില്ല. സാധാരണ എല്ലാവരുടെ കാര്യത്തിലും ഇടപെടുമെങ്കിലും തന്റെ വിഷയത്തിൽ ഇടപെട്ടാൽ ജോലി പോകുമോയെന്ന ഭയമാകാം കാരണമെന്ന് രഹ്ന കൂട്ടിച്ചേർത്തു. സാധാരണയുണ്ടാകുന്ന അച്ചടക്ക നടപടികൾ കൈക്കൂലി വാങ്ങിയതോ സാധനം മോഷ്ടിച്ച് വിറ്റ കേസോ ഒക്കെ ആയിരിക്കുമല്ലോയെന്നും അമ്പലത്തിൽ പോയതിന് ഒരു കേസ് എടുക്കുന്നത് പോലുള്ള അനുഭവം ഇത് ആദ്യം ആയിരിക്കുമല്ലോയെന്നും രഹ്ന ചോദിച്ചു. ഇരവിപുരം ബ്രാഞ്ചിൽ ടെലികോം ടെക്നീഷ്യയായ രഹ്നയെയെ 2018ലാണ് പാലാരിവട്ടത്തേക്ക് സ്ഥലം മാറ്റിയത്. 18 ദിവസത്തേക്ക് അറസ്റ്റിലായതോടെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ രഹ്ന 25 മിനിട്ട് ദൈർഘ്യമുള്ള പ്രതികരണവും യൂ ട്യൂബ് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.